കൊല്ലം: കുട്ടികളുടെ ബൗദ്ധിക വികാസത്തിനായി 'സ്‌ബോട്ട്' (സ്പീച്ച്, ബിഹേവിയർ, ഒക്യുപേഷൻ തെറാപ്പി) പദ്ധതിയുമായി ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത്. രണ്ടര മുതൽ 10 വയസ് വരെയുള്ള കുട്ടികൾക്കായി നടപ്പാക്കുന്ന പദ്ധതിക്ക് 1.50 ലക്ഷമാണ് വകയിരുത്തിയിട്ടുള്ളത്.

ആദ്യഘട്ടമായി മൺറോത്തുരുത്ത്, കിഴക്കേ കല്ലട, പേരയം, കുണ്ടറ, പനയം, തൃക്കരുവ, പെരിനാട് ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടി അദ്ധ്യാപകരുടെ സഹായത്തോടെ ഓരോ വാർഡുകളിലെയും സംസാരവൈകല്യം അനുഭവിക്കുന്ന കുട്ടികളുടെ പട്ടിക തയ്യാറാക്കി. ഉച്ചാരണ വ്യതിയാനം, ഭാഷാ വികസനം ഇല്ലായ്മ, ശബ്ദക്രമീകരണത്തിൽ ഉണ്ടാകുന്ന പിഴവ്, മറ്റ് ആശയവിനിമയെ പ്രശ്‌നങ്ങൾ, വിക്ക് തുടങ്ങിയവയാണ് കൂടുതലായും കണ്ടെത്തിയത്. പരിശീലനത്തിന് മൂന്ന് സ്പീച്ച് തെറാപ്പിസ്റ്റുമാരെ നിയമിച്ചു. ഓരോ കുട്ടിയുടെയും മെഡിക്കൽ റിപ്പോർട്ട് സഹിതം വിലയിരുത്തിയാണ് തെറാപ്പി നൽകുന്നത്. പ്രതിമാസം മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള നാലോ അഞ്ചോ ക്ലാസുകൾ നൽകും. തെറാപ്പിസ്റ്റുകൾക്ക് ഒരു സെക്ഷന് 1000 രൂപയാണ് വേതനം. സ്‌കൂളിൽ പോകുന്ന കുട്ടികൾക്ക് ഒഴിവ് ദിനങ്ങളിലും ശനിയാഴ്ചകളിലുമാണ് ക്ലാസുകൾ.

നേരത്തേ തിരിച്ചറിയാം

അറ്റൻഷൻ ഡെഫിസിറ്റ്/ ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ (എ.ഡി.എച്ച്.ഡി), ഓട്ടിസം, പഠനവൈകല്യങ്ങൾ, കാഴ്ച, കേൾവിശക്തിയില്ലാത്തവർ, സെറിബ്രൽ പാൾസി, വെർച്ച്വൽ ഓട്ടിസം, ഡൗൺ സിൻഡ്രോം, മാനസിക വളർച്ചക്കുറവ് തുടങ്ങിയ പ്രശ്‌നങ്ങളുള്ള കുട്ടികൾക്ക് തെറാപ്പി നൽകുന്നതിനോടൊപ്പം തുടർചികിത്സയ്ക്കായി ജില്ലാ പ്രാരംഭ ഇടപെടൽ കേന്ദ്രത്തിലേക്ക് പരിശോധനയ്ക്ക് നിർദേശം നൽകും. കുട്ടികൾക്ക് പ്രായത്തിനനുസൃതമായ മാനസികവളർച്ച എത്തിയോ എന്ന് ഉറപ്പുവരുത്താനും ഇതി​ലൂടെ സാധിക്കും.


തെറാപ്പികൾ പലതരം

 സംസാരി​ക്കാൻ കാലതാമസമുള്ള കുട്ടികൾക്ക് സ്പീച്ച് തെറാപ്പി

 ശരിയായ ഉച്ചാരണ വികാസത്തിന് ആർട്ടിക്കുലേഷൻ തെറാപ്പി

 വാക്കുകൾ കൂട്ടിച്ചേർത്ത് സംസാരിക്കാൻ പ്രേരിപ്പിക്കുന്നതിന് ഡെവലപ്‌മെന്റ് തെറാപ്പി

 സംസാരത്തിന് ഒഴുക്ക് വരുത്താൻ ഫ്‌ളുവൻസി തെറാപ്പി

 ശബ്ദവ്യതിയാനങ്ങൾ തിരിച്ചറിയുന്നതിന് വോയിസ് തെറാപ്പി

 ഒട്ടും സംസാരിക്കാത്തവർക്ക് ഓഗ്മെന്റേറ്റീവ് ആർട്ടിക്കുലേഷൻ

 ചിത്രങ്ങൾ ഉപയോഗിച്ച് കുട്ടികളുമായി ആശയവിനിമയം നടത്തും

 ബിഹേവിയർ, ഒക്കൂപ്പേഷൻ തെറാപ്പി

കുട്ടികൾ സംസാര വൈകല്യങ്ങൾ അനുഭവിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് പദ്ധതി ആവിഷ്‌കരിച്ചത്. ബൗദ്ധിക വികാസം ഉണ്ടാകുന്ന കുട്ടികളിൽ നേരിടുന്ന വൈകല്യം മുൻപ് തന്നെ കണ്ടെത്തി പ്രശ്‌നം പരിഹരിക്കുകയാണ് പദ്ധതിയുടെ പ്രഥമലക്ഷ്യം

ജയദേവി മോഹൻ, പ്രസിഡന്റ്, ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത്