vella

കൊല്ലം: നിരന്തര വ്യവഹാരത്തിലൂടെ എസ്.എൻ.ഡി.പി യോഗത്തെ ഇല്ലായ്മ ചെയ്തും എസ്.എൻ ട്രസ്റ്റിനെ റിസീവർ ഭരണത്തിലെത്തിച്ചും ഈഴവ സമുദായത്തെ ശിഥിലമാക്കാൻ ശ്രമിക്കുന്നവരെ ശക്തമായി പ്രതിരോധിക്കുമെന്ന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ യൂണിയൻ പ്രസിഡന്റ്, സെക്രട്ടറി, യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളുടെ യോഗം കൊല്ലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സമുദായം ശക്തമായി മുന്നേറുന്ന കാലഘട്ടത്തിൽ ഭിന്നിപ്പുണ്ടാക്കി മുതലെടുക്കാനാണ് ഇക്കൂട്ടർ ശ്രമിക്കുന്നത്. സമുദായത്തെ പിളർത്താനും തളർത്താനും തകർക്കാനും

ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തണം. ഗുരുനിന്ദയാണ് ഇവർ കാട്ടുന്നത്. മതേതര മുഖം മൂടിയണിഞ്ഞ വർഗീയവാദികളെ തുറന്നു കാട്ടിയതിനാണ് തന്നെ വേട്ടയാടുന്നത്. ന്യൂനപക്ഷ പ്രീണനം മൂലം ഭൂരിപക്ഷം പിന്തള്ളപ്പെടുന്നു. വോട്ട് ബാങ്കിന്റെ ബലത്തിൽ എന്തും കൈയടക്കാമെന്നാണ് ചിലരുടെ വിചാരം. ഈ സാമൂഹിക യാഥാർത്ഥ്യം വെട്ടിത്തുറന്ന് പറയുന്നതു കൊണ്ടാണ് തന്റെ രക്തത്തിനായി ചിലർ ദാഹിക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു. യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി അദ്ധ്യക്ഷനായി. കൗൺസിലർമാരായ പി.സുന്ദരൻ, പച്ചയിൽ സന്ദീപ്, വിപിൻരാജ് തുടങ്ങിയവർ പങ്കെടുത്തു.

ശാഖാ നേതൃത്വ

സംഗമം

ഒക്ടോബർ 10ന് ഉച്ചയ്ക്ക് 2ന്- കുഴിത്തുറ, പാറശാല, നെയ്യാറ്റിൻകര, നേമം

11ന് രാവിലെ 9ന്- കോവളം, തിരുവനന്തപുരം പി.കെ.എസ്.എസ്, ചെമ്പഴന്തി, വട്ടിയൂർക്കാവ്

11ന് ഉച്ചയ്ക്ക് 2ന്- നെടുമങ്ങാട്, ആര്യനാട്

12ന് രാവിലെ 9ന്- ചിറയിൻകീഴ്, വർക്കല, ആറ്റിങ്ങൽ

12ന് ഉച്ചയ്ക്ക് 2ന്- വാമനപുരം, കല്ലറ, കിളിമാനൂർ