കുന്നത്തൂർ: ഒരു ഓണത്തിന് തിരുവാതിര കളിക്കാൻ ഒത്തുചേർന്ന സൗഹൃദക്കൂട്ടായ്മ 10 വർഷമായി തരിശായിക്കിടന്ന ഒരേക്കർ ഭൂമിയിൽ പൊന്ന് വിളയിച്ചുകൊണ്ടിരിക്കുന്നു. പവിത്രേശ്വരം പഞ്ചായത്തിലെ ഭജനമഠം വാർഡിലാണ് 'ബെസ്റ്റ് ഫ്രണ്ട്സ്' എന്ന ഈ കൂട്ടായ്മയുടെ കാർഷിക വിജയഗാഥ. സർക്കാർ ജീവനക്കാർ മുതൽ വീട്ടമ്മമാർ വരെയുള്ള ഒമ്പതംഗ സംഘമാണ് ഇതിന് പിന്നിൽ. കൂട്ടത്തിൽ ഒരേയൊരു പുരുഷൻ കഴിഞ്ഞ വർഷത്തെ മികച്ച കർഷകനായ അനിൽ മംഗല്യയാണ്.
പ്രയത്‌നം, വിജയം, ദിനചര്യ
വൈകിട്ട് 5 മണിയോടെ കൃഷിയിടത്തിൽ ഒത്തുകൂടുന്ന ഇവർ ഒന്നര മണിക്കൂറോളം വിള പരിപാലനം, കള പറിക്കൽ, വളപ്രയോഗം തുടങ്ങിയ ജോലികളിൽ മുഴുകും. സൗഹൃദം പങ്കുവെച്ച് സന്തോഷത്തോടെയാണ് ഇവർ ഓരോ ദിവസവും മടങ്ങുന്നത്. തുടക്കത്തിൽ പച്ചക്കറി കൃഷിയിൽ വിജയം നേടിയ ശേഷം ഇവർ തണ്ണിമത്തൻ കൃഷിയിലേക്ക് തിരിഞ്ഞു. നഷ്ടം സംഭവിക്കുമോ എന്ന ആശങ്കകളെ അസ്ഥാനത്താക്കിക്കൊണ്ട് ആയിരം കിലോയിലധികം തണ്ണിമത്തൻ വിളവെടുക്കാൻ അവർക്ക് സാധിച്ചു.
ഓണത്തിന് ബന്തിപ്പൂവും പച്ചക്കറിയും
പഞ്ചായത്തിന്റെയും പൂർണ പിന്തുണ
പവിത്രേശ്വരം കൃഷിഭവന്റെയും പഞ്ചായത്തിന്റെയും പൂർണ പിന്തുണയാണ് ഇവരുടെ ഊർജ്ജം. കൂട്ടായ്മയുടെ ആത്മാർത്ഥത മനസിലാക്കിയ ഭൂമി ഉടമ അച്ചൻകുഞ്ഞ് പാട്ടക്കൂലി പോലും വാങ്ങാൻ തയ്യാറായിട്ടില്ല. ദിവസം ഒരു മണിക്കൂർ മാറ്റിവെച്ചാൽ ആർക്കും വിജയിക്കാമെന്ന ഇവരുടെ അനുഭവം നാടിന് മാതൃകയാകുന്നു.
സംസ്ഥാന പുരസ്കാര ജേതാവായ രത്നകുമാരി, അങ്കണവാടി ജീവനക്കാരായ സുനികുമാരി, മിനിമോൾ, ഹരിത കർമ്മസേനാംഗം അജിത സുരേഷ്, നഴ്‌സ് ബീന, വീട്ടമ്മമാരായ അജിത, കൃഷ്ണകുമാരി, ആശ എന്നിവർക്കൊപ്പം മികച്ച കർഷകനായ അനിൽ മംഗല്യയും ഈ കൂട്ടായ്മയുടെ സാരഥികളാണ്.