sndp
എസ്.എൻ.ഡി.പി യോഗം കല്ലേലിഭാഗം 6416-ാം നമ്പർ ശാഖയിൽ നിർമ്മിക്കുന്ന ഗുരുമന്ദിരത്തിന് കരുനാഗപ്പള്ളി യൂണിയൻ പ്രസിഡന്റ് കെ.സുശീലൻ ശിലയിടുന്നു. യൂണിയൻ സെക്രട്ടറി എ.സോമരാജൻ, ശാഖാ യോഗം സെക്രട്ടറി പി. സത്യരാജൻ, വൈസ് പ്രസിഡന്റ് എ.രമേഷ് എന്നിവർ സമീപം

തൊടിയൂർ: എവിടെ ഗുരുമന്ദിരം ഉയർന്നുവരുന്നുവോ ആ പ്രദേശം അഭിവൃദ്ധി പ്രാപിക്കുമെന്ന് എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ സെക്രട്ടറി എ. സോമരാജൻ പറഞ്ഞു. കല്ലേലിഭാഗം 6416-ാം ശാഖ നിർമ്മിക്കുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കർ സ്മാരക ഗുരുമന്ദിരത്തിന്റെ ശിലാസ്ഥാപനത്തോടനുബന്ധിച്ച് ചേർന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അവഗണനയെ ചോദ്യം ചെയ്യുന്നത് തെറ്റായി കാണേണ്ടതില്ലെന്നും അർഹമായ പ്രാതിനിധ്യവും തുല്യനീതിയുമാണ് എസ്.എൻ.ഡി.പി യോഗം ആവശ്യപ്പെടുന്നതെന്നും സോമരാജൻ കൂട്ടിച്ചേർത്തു. ന്യൂനപക്ഷ വിഭാഗങ്ങൾക്ക് 1700-ഉം 1400-ഉം വിദ്യാലയങ്ങൾ ഉള്ളപ്പോൾ എസ്.എൻ.ഡി.പി യോഗത്തിന് 360 വിദ്യാലയങ്ങൾ മാത്രമാണുള്ളത്. ആനുപാതിക പ്രാതിനിധ്യത്തിന്റെ അടിസ്ഥാനത്തിൽ 1500 വിദ്യാലയങ്ങൾ ലഭിക്കേണ്ടതുണ്ട്. മലപ്പുറം ജില്ലയിൽ യോഗത്തിന് കീഴിൽ ഒരു കോളേജ് പോലുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശിലാസ്ഥാപനം നിർവഹിച്ച യൂണിയൻ പ്രസിഡന്റ് കെ. സുശീലൻ, ഗുരുമന്ദിരങ്ങൾ വ്യത്യസ്ത മത-ജാതി വിഭാഗങ്ങൾക്ക് ഒത്തുചേരാൻ കഴിയുന്ന ഇടമാണെന്ന് അഭിപ്രായപ്പെട്ടു. ഗുരുദേവൻ ദൈവവിശ്വാസികളെയും നിരീശ്വരവാദികളെയും വേർതിരിച്ച് കണ്ടിരുന്നില്ല. ശ്രീനാരായണ ഗുരുവിനു മുമ്പേ അനാചാരങ്ങൾക്കെതിരെ പോരാടിയ വിപ്ലവകാരിയായിരുന്നു ആറാട്ടുപുഴ വേലായുധപ്പണിക്കരെന്നും, അദ്ദേഹത്തിന്റെ പേരിൽ ഉയരുന്ന ഈ ഗുരുമന്ദിരം നാടിന് അഭിമാനമാണെന്നും അദ്ദേഹം പറഞ്ഞു. ഗുരുമന്ദിരത്തിനായി സ്ഥലം വിട്ടുനൽകിയ കെ.സി.അനിൽദേവ്, തന്റെ മാതാവിന്റെ വലിയ ആഗ്രഹമാണ് ഇതിലൂടെ സഫലമാകുന്നതെന്ന് പറഞ്ഞു. അമ്മ ജീവിച്ചിരിക്കുമ്പോൾ തന്നെ വസ്തുവിട്ടുനൽകാൻ ആഗ്രഹിച്ചിരുന്നതായും, എന്നാൽ അത് കഴിയാതെ പോയതിനാൽ അമ്മയുടെ ഭൗതിക ശരീരത്തിന് സമീപം നിന്നുകൊണ്ട് സ്ഥലം വിട്ടുനൽകുന്ന കാര്യം ശാഖാ ഭാരവാഹികളെ അറിയിക്കുകയായിരുന്നെന്നും മുഖ്യ പ്രഭാഷണവും ചികിത്സ ധനസഹായ വിതരണവും നിർവഹിച്ച സാമൂഹ്യ മുന്നേറ്റ മുന്നണി ചെയർമാൻ കൂടിയായ കെ.സി.അനിൽദേവ് പറഞ്ഞു. ശാഖാ യോഗം പ്രസിഡന്റ് എൻ.ചന്ദ്ര സേനൻ അദ്ധ്യക്ഷനായി. സെക്രട്ടറി പി.സത്യരാജൻ സ്വാഗതം പറഞ്ഞു. സാമൂഹ്യ മുന്നേറ്റ മുന്നണി ജനറൽ സെക്രട്ടറി ഡോ.അബ്ദുൽ സലാം, യൂണിയൻ കമ്മിറ്റി അംഗം ബിജു കുമാർ,ശാഖാ യോഗം കമ്മിറ്റി അംഗങ്ങളായ ലേഖ കേശവാസ്, സോമരാജൻ, വിനോദ് , ജയകുമാർ, സുരേഷ് കുമാർ, മംഗളാനന്ദൻ, എ.സുഭാഷ്, ദിലീപ് കുമാർ ,രഞ്ജിത്ത് എന്നിവർ സംസാരിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് കെ.സുശീലൻ ഉപഹാരങ്ങൾ വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് എ.രമേഷ് നന്ദി പറഞ്ഞു.