കൊല്ലം: ഒഡീഷയിൽ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്തിക്കൊണ്ടിരുന്ന മൊത്ത വിതരണക്കാരൻ പൊലീസ് പിടിയിൽ. ഒഡീഷ ഗജപതി പാണിഡണ്ട് ദേഗപകയിൽ ടുക്കുന്നു പരിച്ചയാണ് (27) ഒഡീഷയിലെ പാണിഗയിൽ പള്ളിത്തോട്ടം പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ മാസം 17 ന് 21 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി ഭക്തിസിംഗിനെയും ഝാർഖണ്ഡ് സ്വദേശി അൻസാരിയെയും പള്ളിത്തോട്ടം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 9ന് ഒഡീഷ സ്വദേശി ബ്രഹ്മദാസ് എന്നയാളിനെ 10 കിലേ കഞ്ചാവുമായി പെരിനാട് റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്ന് പിടികൂടിയിരുന്നു. മൂന്ന് പ്രതികളെയും ചോദ്യം ചെയ്തതിൽ നിന്നാണ് കേരളത്തിലെ വിവിധ ജില്ലകളിലേക്ക് കഞ്ചാവ് എത്തിക്കുന്ന ടുക്കുന്നു പരിച്ചയിലേക്ക് എത്തിയത്.
തുടർന്ന് സിറ്റി പൊലീസ് കമ്മിഷണർ കിരൺ നാരായണന്റെ നിർദ്ദേശാനുസരണം പള്ളിത്തോട്ടം ഐ.എസ്.എച്ച്.ഒ ബി.ഷെഫീഖ്, അഞ്ചാലുംമൂട് എസ്.ഐ ഗിരീഷ് എന്നിവർ 17ന് ഒഡീഷയിലേക്ക് തിരിച്ചു. 20ന് രാത്രി ഒഡീഷയിൽ എത്തിയ കേരള പൊലീസ് മൊഹാന എന്ന സ്ഥലത്തെ ഗ്രാമത്തിൽ നിന്ന് ഇയാളെ സാഹസികമായി പിടികൂടുകയായിരുന്നു. ഗ്രാമവാസികൾ എതിർത്തതിനെ തുടർന്ന് ഒഡീഷ പൊലീസിന്റെ സഹായവും തേടി.
എറണാകുളത്ത് അഞ്ച് വർഷം മുമ്പ് ഹോട്ടൽ ജോലിക്കാരനായിരുന്ന ഇയാൾക്ക് മലയാളം സംസാരിക്കാനറിയാം. ഗജപതി കോടതിയിൽ ഹാജരാക്കി ട്രാൻസിറ്റ് വാറണ്ട് വാങ്ങി പ്രതിയെ പള്ളിത്തോട്ടത്ത് എത്തിച്ചു.