അഞ്ചൽ: ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്ത് വാങ്ങിയ നാല് കാട് വെട്ട് യന്ത്രങ്ങൾ കാണാനില്ലെന്നും ഇത് കണ്ടെത്താൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഗ്രാമപഞ്ചായത്ത് അംഗവും കോൺഗ്രസ് നേതാവുമായ രാജീവ് കോശി ആവശ്യപ്പെട്ടു. ഏകദേശം 2 ലക്ഷം രൂപ ചെലവഴിച്ച് വാങ്ങിയ യന്ത്രങ്ങളാണ് ഇപ്പോൾ കാണാതായത്. പൊതുസ്ഥലങ്ങളിലെ കാടുകൾ വെട്ടിമാറ്റുന്നതിനാണ് യന്ത്രങ്ങൾ വാങ്ങിയത്. എന്നാൽ, കുറച്ചുകാലമായി ഇവ കാണാനില്ലെന്നും ഇതേക്കുറിച്ച് പഞ്ചായത്ത് സെക്രട്ടറിയോട് അന്വേഷിച്ചപ്പോൾ തനിക്കറിയില്ല എന്ന മറുപടിയാണ് ലഭിച്ചതെന്നും രാജീവ് കോശി ആരോപിച്ചു. യന്ത്രങ്ങൾ ഇല്ലാത്തതിനാൽ ചെമ്പകരാമനല്ലൂർ, പനച്ചവിള, ഇടമുളയ്ക്കൽ വാർഡുകളിലെ പൊതുസ്ഥലങ്ങളിൽ കാടും മാലിന്യവും വർദ്ധിച്ചു. ഇത് കാൽനടയാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ട്. റോഡരികുകളിൽ കാട് മൂടി കിടക്കുന്നതിനാൽ ഇഴജന്തുക്കളുടെ ശല്യവും വർദ്ധിച്ചിട്ടുണ്ട്.