ചവറ: ചവറയുടെ വിവിധ പ്രദേശങ്ങളിൽ സാമൂഹ്യവിരുദ്ധരുടെ ശല്യം രൂക്ഷമാകുന്നതായി പരാതി. സന്ധ്യ കഴിഞ്ഞാൽ മദ്യപിച്ചെത്തുന്ന യുവാക്കൾ യാത്രക്കാരെ ശല്യപ്പെടുത്തുന്നത് പതിവായതോടെ രാത്രികാല യാത്ര ദുസഹമായെന്ന് നാട്ടുകാർ പറയുന്നു. പടിഞ്ഞാറ്റേക്കര പൈപ്പ് റോഡിന്റെ വിവിധ ഭാഗങ്ങൾ, അയ്യൻകോയിക്കൽ സ്കൂളിന് സമീപം, പട്ട കടവ്, ചേരിക്കടവ്, ചവറ മാർക്കറ്റ്, തട്ടാശ്ശേരി, പന്മനയിലെ ചില പ്രദേശങ്ങൾ എന്നിവിടങ്ങളാണ് സാമൂഹ്യവിരുദ്ധരുടെ പ്രധാന താവളങ്ങൾ. മദ്യ-മയക്കുമരുന്ന്-കഞ്ചാവ് മാഫിയകളാണ് ഇതിന് പിന്നിലെന്നാണ് ആരോപണം. ഈ മേഖലകളിൽ ലഹരിവസ്തുക്കളുടെ വിൽപന വ്യാപകമാണെന്നും നാട്ടുകാർ പറയുന്നു.
പൊലീസ് ഇടപെടണം
ചില ഭാഗങ്ങളിൽനിന്ന് സൈക്കിളുകളും വളർത്തുപക്ഷികളും മോഷണം പോയതായും പരാതിയുണ്ട്. എന്നാൽ, ആരും ഔദ്യോഗികമായി പരാതി നൽകിയിട്ടില്ല. തെരുവുവിളക്കുകൾ നശിപ്പിക്കുന്നതും ബിയർ കുപ്പികൾ റോഡിലേക്കും പുരയിടങ്ങളിലേക്കും വലിച്ചെറിയുന്നതും പതിവാണെന്നും നാട്ടുകാർ പറയുന്നു. ഈ വിഷയത്തിൽ പൊലീസ് അടിയന്തരമായി ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
പ്രദേശത്ത് നിരന്തരമായി ലഹരി ഉപയോഗിച്ച് ബഹളമുണ്ടാക്കി നാട്ടുകാർക്കും യാത്രക്കാർക്കും ഭീഷണിയാകുന്ന സാമൂഹിക വിരുദ്ധരുടെ ശല്യം അവസാനിപ്പിക്കാൻ പൊലീസ് പട്രോളിംഗ് ശക്തമാക്കണം.
സിനോജ് വലിയത്ത്,
പൊതുപ്രവർത്തകൻ