ccc
പ്രതിഷേധത്തിനിടയാക്കിയ കൊട്ടാരക്കര മാർക്കറ്റ് ജംഗ്ഷനിൽ നടന്ന അറ്റകുറ്റപണി

കൊട്ടാരക്കര: നന്നാക്കിയതിനേക്കാൾ കൂടുതൽ നാശനഷ്ടമുണ്ടാക്കിയ കൊട്ടാരക്കരയിലെ റോഡ് അറ്റകുറ്റപ്പണിക്കെതിരെ വ്യാപക പ്രതിഷേധം. രാമേശ്വരത്ത് ക്ഷൗരം ചെയ്തതിന് തുല്യമായ അറ്റകുറ്റപ്പണിയാണ് മരാമത്ത് വകുപ്പ് നടത്തിയതെന്നാണ് നാട്ടുകാരുടെ ആരോപണം. നന്നാക്കിയതിനേക്കാൾ കൂടുതൽ ഗതാഗതക്കുരുക്ക് സൃഷ്ടിച്ച പണികൾക്കെതിരെയാണ് പ്രതിഷേധം.

യാത്രാദുരിതത്തിന് പരിഹാരമായില്ല

കൊട്ടാരക്കര മാർക്കറ്റ് ജംഗ്ഷനിൽനിന്ന് പുത്തൂർ ഭാഗത്തേക്ക് തിരിയുന്ന റോഡ് ഏറെനാളായി തകർന്നുകിടക്കുകയായിരുന്നു. പലതവണ അറ്റകുറ്റപ്പണികൾ നടത്തിയിട്ടും യാത്രാദുരിതത്തിന് പരിഹാരമായില്ല. ഇളകിത്തെറിച്ച സിമന്റ് കട്ടകൾ കാരണം അപകടസാദ്ധ്യതയും വർധിച്ചിരുന്നു. ഇത് ചൂണ്ടിക്കാണിച്ച് 'കേരളകൗമുദി' വാർത്ത നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് കഴിഞ്ഞ ദിവസം രാത്രി മരാമത്ത് വകുപ്പ് റോഡിന്റെ ഒരു ഭാഗം സിമന്റിട്ട് ഉറപ്പിക്കാൻ ശ്രമിച്ചത്. എന്നാൽ, തകർന്നുകിടന്ന ടൈലുകൾ അതേപടി നിലനിറുത്തി, പുതിയ സിമന്റ് പണി കൂടി വന്നതോടെ റോഡിലെ ഗതാഗതക്കുരുക്ക് വർദ്ധിക്കുകയാണുണ്ടായത്.

പൊടിക്കൈ പ്രയോഗങ്ങൾ അവസാനിപ്പിക്കണം

ചെറിയൊരു ഭാഗം മാത്രം നന്നാക്കി ഗതാഗതം കൂടുതൽ ദുഷ്കരമാക്കിയ ഈ 'അറ്റകുറ്റപ്പണി'ക്കെതിരെ നാട്ടുകാരും വ്യാപാരികളും രംഗത്തെത്തി. പൊടിക്കൈ പ്രയോഗങ്ങൾ അവസാനിപ്പിച്ച്, റോഡപകടങ്ങൾ ഒഴിവാക്കാൻ ശാസ്ത്രീയമായ രീതിയിൽ റോഡ് നന്നാക്കണമെന്ന് വ്യാപാരികളും നാട്ടുകാരും ആവശ്യപ്പെട്ടു