കൊട്ടാരക്കര: കഴിഞ്ഞ പത്ത് വർഷമായി കേരളത്തിൽ ഏറ്റവും കൂടുതൽ അവഗണന നേരിടുന്നത് തൊഴിലാളി മേഖലയാണെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി അഭിപ്രായപ്പെട്ടു. കോൺഗ്രസ് കുളക്കട മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിലാളി വർഗ പാർട്ടിയെന്ന് അവകാശപ്പെടുന്നവർ കശുഅണ്ടി, കരിങ്കൽ, കർഷകത്തൊഴിലാളി, മണൽ തൊഴിലാളികൾ തുടങ്ങിയവരുടെ ദുരിതങ്ങൾ മനസിലാക്കാൻ തയ്യാറാകുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ആയിരം രൂപ പി.എഫ് പെൻഷൻ വാങ്ങുന്ന കശുഅണ്ടി തൊഴിലാളികളുടെ വാർദ്ധക്യ, വിധവാ പെൻഷനുകൾ നിറുത്തലാക്കിയ സർക്കാർ നടപടി പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പെരുങ്കുളം ഉണ്ണി അദ്ധ്യക്ഷനായ യോഗത്തിൽ കെ.പി.സി.സി സെക്രട്ടറി നടുക്കുന്നിൽ വിജയൻ മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ പി. ഹരികുമാർ, ഇഞ്ചക്കാട് നന്ദകുമാർ, റെജി പൂവറ്റൂർ, പാത്തല രാഘവൻ, ജില്ലാ പഞ്ചായത്ത് അംഗം ആർ. രശ്മി, ഒ.രാജൻ, ബി. സുരേന്ദ്രൻ നായർ, പി.എസ്. ശ്യാം കുമാർ, നെല്ലിവിള വർഗീസ്, എൻ.ശിവൻപിള്ള, കുളക്കട അനിൽ, ജി.ആർ. നരേന്ദ്രനാഥ്, പൂവറ്റൂർ സുരേന്ദ്രൻ, എൻ.ബ്രഹ്മദാസ്, രാഹുൽ പെരുങ്കുളം, രാജി , സജയ് തങ്കച്ചൻ, സിന്ധു സത്യൻ, ശ്രീജ ഹരി, കൃഷ്ണ കുമാർ തുടങ്ങിയവർ സംസാരിച്ചു.