ccc
തകർന്നു തരിപ്പണമായ വല്ലം ആശ്രമം സ്കൂൾ ജംഗ്ഷൻ റോഡ്

കൊട്ടാരക്കര: നെടുവത്തൂർ ഗ്രാമപഞ്ചായത്തിലെ വല്ലം ആശ്രമം സ്കൂൾ ജംഗ്ഷൻ റോഡിന്റെ ശോച്യാവസ്ഥയിൽ പ്രതിഷേധം ശക്തം. ആനക്കോട്ടൂർ, കുറുമ്പാലൂർ വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഈ റോഡ് കഴിഞ്ഞ 15 വർഷത്തോളമായി തകർന്നു കിടക്കുകയാണ്. വല്ലം കുളം ജംഗ്ഷൻ മുതൽ ആശ്രമം സ്കൂൾ ജംഗ്ഷൻ വരെയുള്ള ഒന്നര കിലോമീറ്റർ ഭാഗം കാൽനട പോലും അസാദ്ധ്യമായ നിലയിലാണ്. കുറുമ്പാലൂർ, വല്ലം പ്രദേശങ്ങളിലുള്ളവർ കൊട്ടാരക്കര, ആനക്കോട്ടൂർ, നെടുവത്തൂർ എന്നിവിടങ്ങളിലേക്ക് പോകാൻ പ്രധാനമായും ആശ്രയിക്കുന്ന റോഡാണിത്.

ടെൻഡർ എടുക്കാനാളില്ല

റോഡ് പുനർനിർമ്മിക്കാൻ ജില്ലാ പഞ്ചായത്ത് 30 ലക്ഷം രൂപ വകയിരുത്തി ടെൻഡർ നൽകിയിരുന്നെങ്കിലും ആരും ഏറ്റെടുക്കാൻ തയ്യാറായില്ല. സമീപത്തെ പാറ ക്വാറിയിൽ നിന്ന് ടോറസ് ലോറികളും മണ്ണ് കടത്തുന്ന വാഹനങ്ങളും ഓടുന്നതാണ് റോഡ് തകരാൻ പ്രധാന കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു.

പ്രതിഷേധ യോഗം

റോഡിന്റെ ദുരിതാവസ്ഥയിൽ നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് വല്ലം വാർഡ് കമ്മിറ്റി മൂന്ന് മാസം മുമ്പ് പട്ടിണി കഞ്ഞി വെച്ച് പ്രതിഷേധിച്ചിരുന്നു. എന്നാൽ ഇതുവരെയും നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് പ്രതിഷേധ യോഗം സംഘടിപ്പിച്ചത്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ആർ. ശിവകുമാർ യോഗം ഉദ്ഘാടനം ചെയ്തു. പാർട്ടി പ്രസിഡന്റ് വല്ലം രാധാകൃഷ്ണപിള്ള അദ്ധ്യക്ഷനായി. ചടങ്ങിൽ കോൺഗ്രസ് നേതാക്കളായ ചാലൂക്കോണം ശ്രീകുമാർ, വല്ലം അനിൽ, സതീഷ് ആനക്കോട്ടൂർ, അക്ഷയ വിജയ് ബാബു, രതീഷ്, സഞ്ജു പുല്ലാമല, ദിനുലുലേശ്രം സെൽവരാജ്, വല്ലം തുളസി തുടങ്ങിയവർ സംസാരിച്ചു.