photo

കരുനാഗപ്പള്ളി: പാവുമ്പ തെക്ക് ബിനു സദനത്തിൽ (ചാരുകളീയ്ക്കൽ) രാജാമണിയമ്മ (72) മരിച്ചതുമായി ബന്ധപ്പെട്ട് മകൻ ബിനുവി​നെ (49) കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരി​യി​ൽ താൻ അമ്മയെ മർദ്ദി​ച്ച് കൊല്ലുകയായി​രുന്നുവെന്ന് ചോദ്യം ചെയ്യലി​ൽ ഇയാൾ സമ്മതി​ച്ചു.

വ്യാഴാഴ്ച രാവിലെ 9 ഓടെയാണ്, രാജാമണിയമ്മ കിടപ്പുമുറിയിൽ തൂങ്ങി മരിച്ചതായി​ ബിനു അയൽവാസി​കളോട് പറയുന്നത്. അവരെത്തിയപ്പോൾ മൃതദേഹം തറയിൽ കിടത്തിയിരിക്കുന്ന നിലയിലായിരുന്നു. ജന്നലിൽ തൂങ്ങിനിന്ന രാജാമണിയമ്മയെ താൻ അഴിച്ച് താഴെ കിടത്തിയതാണെന്നാണ് ബി​നു പറഞ്ഞത്. മുറിയിൽ രക്തക്കറകളും ശരീരത്തിലെ മുറിവുകളും കണ്ട് സംശയം തോന്നിയ നാട്ടുകാർ വിവരം പൊലീസിൽ അറിയിച്ചു. പൊലീസ് എത്തി മൃതദേഹം പാരിപ്പള്ളി മെഡി. ആശുപത്രി​യി​ൽ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. ഫോറൻസിക് വിഭാഗവും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.

ബിനുവിന്റെ പെരുമാറ്റത്തിൽ അസ്വാഭികത തോന്നിയ പൊലീസ് ഇയാളെ അന്നുതന്നെ കസ്റ്റഡിയിലെടുത്തിരുന്നു. രാജാമണി​യമ്മയുടെ ശരീരത്തിൽ മുറിവേറ്റതിന്റെ 19 പാടുകൾ ഉള്ളതായും തലയ്ക്കും കഴുത്തിനും ഉണ്ടായ മുറിവുകളാണ് മരണത്തിന് കാരണമായതെന്നും പോസ്റ്റ്മോർട്ടത്തിൽ തെളിഞ്ഞു. കഴുത്തിൽ തുണിപോലെയുള്ള എന്തോ വസ്തുകൊണ്ട് മുറുക്കിയതിന്റെ പാടുകളും ഉണ്ടായിരുന്നു. പൊലീസ് ബിനുവിനെ ചോദ്യം ചെയ്‌തെങ്കിലും തുടക്കത്തിൽ കുറ്റം സമ്മതിച്ചില്ല. സാഹചര്യ തെളിവുകൾ നിരത്തി കൂടുതൽ ചോദ്യം ചെയ്തപ്പോൾ ബിനുവിന് പിടിച്ചുനിൽക്കാനായില്ല.

എസ്.എസ്.എൽ.സി​ക്ക് 560 മാർക്ക് വാങ്ങി​ വി​ജയി​ച്ച ബി​നു പി​ന്നീട് മദ്യത്തി​ന് അടി​മയായി​. ജോലി​ ലഭി​ക്കാത്തതി​ന്റെ നി​രാശയും ഇയാൾക്ക് ഉണ്ടായി​രുന്നു. ബിനു സ്ഥിരമായി അമ്മയെ മർദ്ദിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പി​താവ് പുറത്തെ ചായക്കടയി​ലേക്ക് പോയ സമയത്താണ് വീട്ടി​ൽ സംഭവം നടക്കുന്നത്. മുറിവുകളിൽ നിന്ന് മുറിയിൽ വീണ രക്തക്കറകൾ ബിനുതന്നെ കഴുകിക്കളഞ്ഞശേഷമാണ് അയൽവാസി​കളെ വി​വരം അറി​യി​ച്ചത്. കരുനാഗപ്പള്ളി പൊലീസ് ഇൻസ്‌പെക്ടർ വി.ബിജുവിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. റിമാൻഡ് ചെയ്തു.