കൊല്ലം: എസ്.എൻ കോളേജ് ജംഗ്ഷനിൽ ആർ.ഒ.ബി നിർമ്മാണത്തിന് സ്ഥലമേറ്റെടുക്കലിനുള്ള പ്രാരംഭ വിജ്ഞാപനം ഉടൻ പുറപ്പെടുവിക്കും. സാമൂഹ്യ പ്രത്യാഘാത പഠന രേഖ പരിശോധിച്ച വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശം.

വിജ്ഞാപനം വരുന്നതിന് പിന്നാലെ, ഏറ്റെടുക്കുന്ന ഭൂമിയുടെയും നഷ്ടമാകുന്ന കെട്ടിടങ്ങളുടെയും വില കണക്കാക്കി നഷ്ടപരിഹാര പാക്കേജ്, തൊഴിൽ നഷ്ടമാകുന്നവർക്ക് പുനരധിവാസ പാക്കേജ് എന്നിവ തയ്യാറാക്കും. സർക്കാർ പണം അനുവദിക്കുമ്പോൾ നഷ്ടപരിഹാരം കൈമാറി സ്ഥലം ഏറ്റെടുക്കും. ആരും കോടതിയെ സമീപിച്ച് തടസം സൃഷ്ടിച്ചില്ലെങ്കിൽ ഒരു വർഷത്തിനുള്ളിൽ സ്ഥലം ഏറ്റെടുക്കൽ പൂർത്തിയാകും.

എസ്.എൻ കോളേജ് ജംഗ്ഷനിൽ ആർ.ഒ.ബി എന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. നേരത്തെ പലതവണ ആർ.ഒ.ബി നിർമ്മാണത്തിന് നടപടികൾ തുടങ്ങിയിരുന്നെങ്കിലും ഉപേക്ഷിക്കേണ്ടി വന്നു. ഇപ്പോൾ സ്ഥലമേറ്റെടുക്കലിലേക്ക് നീങ്ങുന്ന പദ്ധതിക്ക് 2018ലാണ് ഭരണാനുമതി ലഭിച്ചത്. ഒരു വിഭാഗം ആളുകൾ റെയിൽവേ ഉദ്യോഗസ്ഥരിൽ സമ്മർദ്ദം ചെലുത്തി രൂപരേഖയ്ക്കുള്ള അംഗീകാരം വൈകിപ്പിച്ചിരുന്നു.

വിദഗ്ദ്ധ സമിതി വിലയിരുത്തൽ

 തീരദേശപാതയെ നഗരവുമായി ബന്ധിപ്പിക്കും
 ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് പ്രയോജനം
 അലൈൻമെന്റ് മാറ്റിയാൽ കൂടുതൽ സ്ഥലമെടുപ്പ്
 ന്യായമായ നഷ്ടപരിഹാരം നൽകണം
 സാമൂഹ്യഘാത പഠനത്തിന് വിമർശനം
 ഗുണഭോക്താക്കളുടെ അഭിപ്രായം കേട്ടില്ല
 ഭൂമി നഷ്ടമാകുന്നവരെ മാത്രം കേട്ടു
 ഇടറോഡുകളുടെ വികസനം ബദലാകില്ല
 അതിന് കൂടുതൽ സ്ഥലമേറ്റെടുപ്പ് വേണം

 ബദൽ നിർദ്ദേശങ്ങൾ ഗുണകരമല്ല

എസ്.എൻ കോളേജ് ആർ.ഒ.ബി

 വീതി: 10.2 മീറ്റർ

 നീളം: 427 മീറ്റർ
 ക്യാരേജ് വേ: 7.5 മീറ്റർ
 നടപാത: 1.5 മീറ്റർ

 ഏറ്റെടുക്കുന്നത്: 97.13 ആർസ് ഭൂമി