bb
പരുത്തിയറ കണ്ണോട് - നെടുമ്പണ റോഡിന്റെ ദുരവസ്ഥ.

ഓടനാവട്ടം: പരുത്തിയറയിലെ കണ്ണാട്ട്മുക്ക് - നെടുമ്പണ റോഡ് തകർന്ന് ഗതാഗതം ദുസഹമായി. വർഷങ്ങളായി തുടരുന്ന ഈ ദുരവസ്ഥ പരിഹരിക്കാൻ പഞ്ചായത്ത് അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. അറ്റകുറ്റപ്പണികൾ നടത്താത്തതിനാൽ റോഡിന്റെ ടാറിളകി മെറ്റലുകൾ നിറഞ്ഞ് അപകടാവസ്ഥയിലാണ്. ഇരുവശത്തും മെറ്റൽ കൂമ്പാരമായതിനാൽ വാഹനങ്ങൾക്ക് സൈഡ് കൊടുക്കാൻ കഴിയാത്ത സ്ഥിതിയാണ്. ഇതുമൂലം ഇരുചക്രവാഹന യാത്രക്കാർ സ്ഥിരമായി അപകടത്തിൽപ്പെടുന്നു. മഴക്കാലത്ത് ചെളിയും മെറ്റലും കലർന്ന് റോഡ് നിറയുന്നതിനാൽ കാൽനടയാത്രയും ബുദ്ധിമുട്ടാണ്.

ഓയൂർ - കൊട്ടാരക്കര, വെളിയം പടിഞ്ഞാറ്റിൻകര - നെടുമൺകാവ് എന്നിവിടങ്ങളിലേക്ക് പോകാനുള്ള പ്രധാന ആശ്രയമാണ് ഈ റോഡ്. തകർന്നു കിടക്കുന്ന റോഡിന്റെ വശങ്ങൾ കോൺക്രീറ്റ് ചെയ്ത് ടാറിട്ട് ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.

കഴിഞ്ഞ കുറേ വർഷങ്ങളായി ഈ റോഡ് തകർന്ന് കിടക്കുയാണ്. പ്രായമായവർക്ക് ഇതുവഴി യാത്ര പറ്റില്ല. മഴക്കാലമായാലാണ് കൂടുതൽ ദുരിതം. രാത്രിയായാൽ ഇരുചക്ര വാഹനങ്ങൾ പോലും ഇത് വഴി പോവില്ല. ഓട്ടോക്കാരും വരില്ല. പഞ്ചായത്ത്‌ അധികൃതർ പരിഹാരമുണ്ടാക്കണം.

തങ്കച്ചൻ ഡേവിഡ്

മുൻ സർജന്റ്

ഇന്ത്യൻ എയർഫോഴ്സ്

റോഡിന്റെ ശോചനീയാവസ്ഥക്ക് അടിയന്തര പരിഹാരം കാണണം. സമയബന്ധിതമായി പാച്ച് വർക്ക് ചെയ്തിരുന്നെങ്കിൽ റോഡിന് ഈ ദുരവസ്ഥ ഉണ്ടാകില്ലായിരുന്നു. അടിയന്തരമായി റോഡ് ഗതാഗതയോഗ്യമാക്കാൻ അധികൃതർ നടപടിയെടുക്കണം.

എം.സാമൂവൽകുട്ടി

വെളിയം സഹ.ബാങ്ക്

മുൻ ഡയറക്ടർ ബോർഡ് അംഗം