കൊല്ലം: മൃഗസംരക്ഷണ വകുപ്പും ജന്തുദ്രോഹ നിവാരണ സമിതിയും സംയുക്തമായി ഫാത്തിമ കോളേജിൽ നടത്തിയ അരുമ മൃഗ, പക്ഷി പഠന ശില്പശാല വ്യത്യസ്തതകളാൽ ശ്രദ്ധേയമായി.
കുതിരയും കഴുതയും ആമയും അണ്ണാനും വെള്ളക്കഴുതയും വെള്ള മയിൽക്കോഴിയും ഏവരെയും ആകർഷിച്ചു. തഴുകിയും തലോടിയും സെൽഫിയെടുത്തും അരുമ പ്രേമികൾ ഇവയ്ക്കൊപ്പം കൂടി. ആഫ്രിക്കൻ ബാൾ പെരുമ്പാമ്പ് പേടിപ്പിച്ചാൽ പന്തുപോലെ ചുരുളും. ചൈനയിലെ സിംഗ് ആടുകളുടെ വില ലക്ഷങ്ങളാണ്. വിരൽ വലിപ്പമുള്ള കുഞ്ഞൻ ആമകൾ, പറക്കുന്ന അണ്ണാൻ എന്നറിയപ്പെടുന്ന ഷുഗർ ഗ്ലൈഡർ, അലങ്കാര ചിലന്തികളായ ഗോൾഡൻ ടൊറന്റുല എന്നിവർ താരനിരയിലുണ്ടായിരുന്നു. നൂറ്റാണ്ടുകളായി പരിണാമമില്ലാത്ത എമു പക്ഷികളുടെ കൊഴുപ്പുരുക്കുന്ന എണ്ണ ലോകോത്തര സൗന്ദര്യ വർദ്ധക വസ്തുവാണ്. പല്ലി വർഗത്തിലെ ഇഗ്വാനകളെ മാനസിക സംഘർഷമൊഴിവാക്കുന്ന പെറ്റ് തെറാപ്പി ചികിത്സയ്ക്ക് ഉപയോഗിക്കാറുണ്ട്. സുനാമി, ഭൂകമ്പം എന്നിവ മുൻകൂട്ടി അറിയുന്ന ഫെസന്റ് പക്ഷികളെ ഭൗമശാസ്ത്രജ്ഞരുടെ തോഴരെന്നാണ് അറിയപ്പെടുന്നത്. 24 ഇനങ്ങൾ പ്രദർശനത്തിലുണ്ടായിരുന്നു. തിരുവനന്തപുരം മൃഗശാല ഡെപ്യൂട്ടി ഡയറക്ടർ ഡോ. ജേക്കബ് അലക്സാണ്ടറാണ് ക്ളാസെടുത്തത്.
മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. അരുമ മൃഗ, പക്ഷി സംരംഭങ്ങൾ ആരംഭിക്കാൻ മുന്നോട്ടെത്തുന്ന വിദ്യാർത്ഥി കൂട്ടായ്മകൾക്ക് എല്ലാ സഹായവും സർക്കാർ നൽകുമെന്ന് മന്ത്രി പറഞ്ഞു. എം. നൗഷാദ് എം.എൽ.എ അദ്ധ്യക്ഷനായി. ഡോ. അജയൻ കൂടലിന്റെ ജീവജാലകം ക്വിസ് പുസ്തകം മന്ത്രി പ്രകാശനം ചെയ്തു. ബ്രീഡിംഗ് റൂൾസ് പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗോപൻ നിർവഹിച്ചു. എസ്.പി.സി.എ പ്രവർത്തകരെ മന്ത്രി ആദരിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.ഡി. ഷൈൻകുമാർ, പ്രിൻസിപ്പൽ സിന്ധ്യ കാതറിൻ, എസ്.പി.സി.എ വൈസ് പ്രസിഡന്റ് ജനാർദ്ദനൻ പിള്ള, ഡോ. ഷീബ പി.ബേബി, ഡോ. രമ ജി.ഉണ്ണിത്താൻ, ഡോ. എസ്. ദീപ്തി, ഡോ. കെ.ജി. പ്രദീപ്, ഡോ. വിനോദ് ചെറിയാൻ, പ്രൊഫ. പി.ജെ. സാർലിൻ, ഡോ. ജേക്കബ് അലക്സാണ്ടർ എന്നിവർ സംസാരിച്ചു.