കൊട്ടാരക്കര: വാക്കനാട് ഗവ.ഹയർ സെക്കൻഡറി സ്കൂളിന് പരിമിതികളിൽ നിന്ന് മോചനം, പുതിയ കെട്ടിടം 27ന് മന്ത്രി കെ.എൻ.ബാലഗോപാൽ നാടിന് സമർപ്പിക്കും. ക്ളാസ് മുറികളുടെ അപര്യാപ്തതയിൽ വീർപ്പുമുട്ടുകയായിരുന്നു വിദ്യാലയം. ഹൈസ്കൂൾ വിഭാഗം പ്രവർത്തിച്ചിരുന്ന ഓടിട്ട കെട്ടിടം കാലപ്പഴക്കത്തിന്റെ ജീർണതയുമായി അപകടാവസ്ഥയിലെത്തിയതോടെയാണ് ബുദ്ധിമുട്ടുകൾ ഏറിയത്. ഹൈസ്കൂൾ വിഭാഗംകൂടി ഹയർ സെക്കൻഡറി വിഭാഗം കെട്ടിടത്തിലേക്ക് മാറ്റി. ഇതോടെ ക്ളാസ് മുറികൾ തികയാത്ത അവസ്ഥയായി. തുടർന്നാണ് പാതിവഴിയിൽ നിലച്ച പുതിയ കെട്ടിടത്തിന്റെ നിർമ്മാണ ജോലികൾ തുടങ്ങിയതും അതിവേഗം പൂർത്തിയാക്കിയതും. അപ്പോഴും പഴയ കെട്ടിടം അപകടാവസ്ഥയിൽ നിലനിൽക്കുകയാണ്. ഇത് പൊളിച്ച് നീക്കിയില്ലെങ്കിൽ വലിയ ദുരന്തത്തിന് സാഹചര്യമൊരുങ്ങും.
നാടിന്റെ വിജ്ഞാന വെളിച്ചം
1882ൽ ലോവർ പ്രൈമറി വിഭാഗമായിട്ടാണ് താത്കാലിക കെട്ടിടത്തിൽ വാക്കനാട് സ്കൂൾ പ്രവർത്തനം തുടങ്ങിയത്. നാട്ടിലെ സുമനസുകൾ സംഭാവനയായി നൽകിയ ഭൂമിയിൽ സ്വന്തം കെട്ടിടമൊരുക്കി. വാക്കനാട് വലിയവിള വീട്ടിൽ പരമുനായർ, ചെറുപാലക്കോട് വീട്ടിൽ ചന്ദ്രൻപിള്ള. മുണ്ടാർ വീട്ടിൽ മാധവൻ നായർ. അറപ്പുര വീട്ടിൽ ശ്രീധരൻപിള്ള എന്നിവരടക്കം വിദ്യാലയത്തിനായി മണ്ണ് പകുത്തുനൽകി. 70 സെന്റ് ഭൂമിയിൽ തുടങ്ങിവച്ച വിദ്യാലയത്തിന് ഇന്ന് മൂന്നേക്കറിലധികം ഭൂമി സ്വന്തമായുണ്ട്. കരീപ്ര ഗ്രാമപഞ്ചായത്തിലാണ് വാക്കനാട് ഗവ.ഹയർ സെക്കൻഡറി സ്കൂൾ പ്രവർത്തിക്കുന്നതെങ്കിലും നെടുമ്പന, വെളിയം, പൂയപ്പള്ളി, എഴുകോൺ പഞ്ചായത്തുകളിലുള്ളവരും ഇവിടെ പഠിക്കാനെത്തുന്നു.
* 1882ൽ ലോവർ പ്രൈമറി
* 1965ൽ അപ്പർ പ്രൈമറി
* 1982ൽ ഹൈസ്കൂൾ
* 2002ൽ പ്രീപ്രൈമറി വിഭാഗം
* 2004ൽ ഹയർ സെക്കൻഡറി
പുതിയ കെട്ടിടം
ഉദ്ഘാടനം
27ന് വൈകിട്ട് 3.30ന് ഘോഷയാത്ര, 4ന് ഉദ്ഘാടന സമ്മേളനം. കരീപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.എസ്.സുവിധയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന ചടങ്ങിൽ മന്ത്രി കെ.എൻ.ബാലഗോപാൽ സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ ആദരിക്കൽ ചടങ്ങ് നിർവഹിക്കും. പി.ഐഷാപോറ്റി കമ്പ്യൂട്ടർ ലാബ് ഉദ്ഘാടനം ചെയ്യും. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടൊയ്ലറ്റ് കോംപ്ളക്സ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ് വിദ്യാർത്ഥി പ്രതിഭകളെ അനുമോദിക്കും. ജില്ലാ പഞ്ചായത്തംഗം പ്രിജി ശശിധരൻ ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ്യും. പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ മികവ് പുലർത്തുന്ന വിദ്യാലയത്തിന് മെച്ചപ്പെട്ട സൗകര്യങ്ങളൊരുങ്ങുന്നത് വലിയ ഗുണകരമാകുമെന്ന് പ്രിൻസിപ്പൽ ഡോ.കെ.കെ.ഷാജി, സംഘാടക സമിതി ചെയർമാൻ എം.എസ്.ശ്രീകുമാർ, പി.ടി.എ പ്രസിഡന്റ് കെ.രാജേന്ദ്രൻ പിള്ള എന്നിവർ അറിയിച്ചു.