എഴുുകോൺ : കരീപ്ര ഗ്രാമ പഞ്ചായത്തിലെ കുടിക്കോട് വാർഡിലും ഓണത്തെ വരവേറ്റ് ബന്ദി വസന്തം.
ഇവിടെ 15 സെന്റിൽ നട്ട 1200 ഓളം തൈകളാണ് മഞ്ഞ പട്ട് ചാർത്തിയ പോലെ പൂവിട്ട് നിൽക്കുന്നത്. ഇതിനകം 50 കിലോയോളം പൂവ് വിപണിയിൽ നൽകി. 200 കിലോയോളം പൂവ് ഇനിയും നൽകാനാകും. ഹൈബ്രീഡ് തൈകൾ നട്ടതാണ് വിളവ് ഉഷാറാക്കിയത്. അത്തമെത്തിയതോടെ കൂടുതൽ ആവശ്യക്കാർ എത്തുമെന്ന പ്രതീക്ഷയിലാണ് പൂ കൃഷി ചെയ്ത കുടുംബശ്രീ പ്രവർത്തകർ. ലാലി,സിന്ധു, സുനിത സുരേന്ദ്രൻ എന്നിവരാണ് കൃഷി ഭവന്റെ സഹായത്തോടെ കൃഷി ചെയ്തത്. ഗ്രാമ പഞ്ചായത്തംഗം ആർ.ഗീതാകുമാരി എല്ലാ നിർദ്ദേശങ്ങളും നൽകി ഒപ്പം നിന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.എസ്.സുവിധ, വൈസ് പ്രസിഡന്റ് സി. ഉദയകുമാർ, സ്ഥിരം സമിതി അദ്ധ്യക്ഷരായ ടി. സന്ധ്യാഭാഗി, ആർ.ഗീതാകുമാരി എന്നിവർ വിളവെടുപ്പിന് തുടക്കം കുറിച്ചു.