കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വച്ച് ഡോ. വന്ദനാദാസിനെ കുത്തിക്കൊലപ്പെടുത്തിയ പ്രതി സന്ദീപ് സംഭവത്തിന് ഏതാനും ദിവസം മുമ്പ് കൊല്ലത്തെ മറ്റൊരു ആശുപത്രിയിൽ നിന്ന് മൂർച്ചയേറിയ സർജിക്കൽ ഉപകരണങ്ങൾ കൈവശപ്പെടുത്താൻ ശ്രമിച്ചതായി കേസിലെ സാക്ഷിയും കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനുമായ സുധീഷ് കൊല്ലം അഡീഷണൽ സെഷൻസ് ജഡ്ജ് പി.എൻ.വിനോദ് മുമ്പാകെ മൊഴി നൽകി.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ സംഭവം നടക്കുന്നതിന് നാല് ദിവസം മുമ്പ് പ്രതിയുടെ അമ്മ ചികിത്സയിലായിരുന്ന കൊല്ലത്ത് സ്വകാര്യ ആശുപത്രിയിൽ എത്തി. അവിടെ വച്ച് ഹോസ്പിറ്റലിലെ നഴ്സിംഗ് ജീവനക്കാരനായ തന്നോട് ദേഷ്യപ്പെട്ട് സംസാരിച്ചു. തുടർന്ന് അവിടെ ഉണ്ടായിരുന്ന സർജിക്കൽ ബ്ലേഡ് ഉൾപ്പടെയുള്ള ഉപകരണങ്ങൾ കൈവശപ്പെടുത്താൻ ശ്രമിച്ചു. എന്നാൽ താൻ കണ്ടതിനാൽ പ്രതി സർജിക്കൽ ഉപകരണങ്ങൾ തിരികെ വച്ചുവെന്നും സാക്ഷി കോടതിയിൽ സ്പെഷ്യൽ പ്രോസിക്യൂട്ടർ പ്രതാപ് ജിയപടിക്കലിന്റെ ചീഫ് വിസ്താര വേളയിൽ മൊഴി നൽകി. പ്രതിയുടെ പ്രവർത്തന രീതി തെളിയിക്കാനാണ് പ്രോസിക്യൂഷൻ ഈ സാക്ഷിയെ വിസ്തരിച്ചത്.
പ്രതി ജോലി ചെയ്തുവന്നിരുന്ന നെടുമ്പന യു.പി സ്കൂളിലെ പ്രധാന അദ്ധ്യാപിക സൂസൻ ജോർജിനെയും കോടതിയിൽ വിസ്തരിച്ചു. പ്രതിക്ക് യാതൊരു വിധവുമായ സ്വഭാവ തകരാറുകളും സ്കൂളിൽ ജോലി ചെയ്ത സമയത്ത് ഉണ്ടായിരുന്നില്ല. സ്കൂളിൽ കൃത്യമായി വരാറുണ്ടായിരുന്നു. സ്കൂളിൽ വച്ച് പ്രതി നടത്തിയ കവിതാലാപാനം സാമൂഹിക മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നതായും സാക്ഷി മൊഴി നൽകി. മാനസിക വിഭ്രാന്തി കാരണം പ്രതി അക്രമാസക്തനായി എന്നുള്ള പ്രതിഭാഗത്തിന്റെ ആരോപണങ്ങളുടെ മുന ഓടിക്കുന്ന മൊഴികളാണ് സാക്ഷി കോടതിയിൽ നൽകിയത്. വന്ദനാദാസ് വധക്കേസിൽ ഉൾപ്പെട്ടതിനെ തുടർന്ന് പ്രതിയെ സർവീസിൽ നിന്ന് പിരിച്ചുവിട്ടുവെന്നും സാക്ഷി കോടതിയിൽ മൊഴി നൽകി.
സംഭവ കാലഘട്ടത്തിൽ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ നഴ്സിംഗ് സൂപ്പർവൈസറായിരുന്ന ലിസിയാമ്മ ചാക്കോയെയും കോടതി മുമ്പാകെ വിസ്തരിച്ചു. ഹോസ്പിറ്റലിലെ കാഷ്വാലിറ്റിയിൽ ഉപയോഗിക്കുന്ന ഉപകരണങ്ങൾക്ക് രജിസ്റ്ററുകൾ സൂക്ഷിക്കുന്ന പതിവ് ഉണ്ടെന്നും സംഭവദിവസം ഹോസ്പിറ്റലിലെ സർജിക്കൻ സിസേർസ് ഒരെണ്ണം കുറവാണെന്ന് പരിശോധനയിൽ കണ്ടെത്തിയെന്നും അത് പ്രതി വന്ദനയെയും പൊലീസുകാരെയും ആംബുലൻസ് ഡ്രൈവറെയും ആക്രമിക്കാൻ കൈക്കലാക്കിയതാണെന്നും സാക്ഷി കോടതിയിൽ മൊഴി നൽകി.
കേസിലെ തുടർ സാക്ഷി വിസ്താരം ശനിയാഴ്ച നടക്കും. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. പ്രതാപ് ജി.പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പ ശിവൻ, ഹരീഷ് കാട്ടൂർ എന്നിവരാണ് ഹാജരാകുന്നത്.