photo
അഞ്ചൽ പ്രൈവറ്റ് ബസ് സ്റ്റാന്റിലെ അടഞ്ഞ് കിടക്കുന്ന വിശ്രമകേന്ദ്രം

അഞ്ചൽ: 2018-ൽ പണി പൂർത്തിയായ അഞ്ചൽ ബസ് സ്റ്റാൻഡിലെ വിശ്രമകേന്ദ്രം അഞ്ചൽ പഞ്ചായത്ത് അധികൃതരുടെ അനാസ്ഥ കാരണം ഇതുവരെയും പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തിട്ടില്ല. 78 ലക്ഷം രൂപ മുടക്കി നിർമ്മിച്ച കെട്ടിടം കാടുപിടിച്ച് സാമൂഹ്യവിരുദ്ധരുടെ താവളമായി മാറിയിരിക്കുകയാണ്.

78 ലക്ഷം രൂപ ചെലവഴിച്ചിട്ടും

മുൻ എം.എൽ.എയും മന്ത്രിയുമായിരുന്ന അഡ്വ. കെ. രാജുവിന്റെ ആസ്തിവികസന ഫണ്ടിൽ നിന്ന് 78 ലക്ഷം രൂപ ചെലവഴിച്ചാണ് രണ്ട് നിലകളുള്ള വിശ്രമകേന്ദ്രം നിർമ്മിച്ചത്. യാത്രക്കാർക്ക് വിശ്രമിക്കാൻ പ്രത്യേകം മുറികൾ, ടോയ്ലറ്റുകൾ, അമ്മമാർക്ക് മുലയൂട്ടാനുള്ള മുറി തുടങ്ങിയ സൗകര്യങ്ങളോടുകൂടിയാണ് കെട്ടിടം പണിതത്. പണി പൂർത്തിയായ ശേഷം പഞ്ചായത്തിന് കൈമാറിയിട്ടും ഇത് തുറന്നു പ്രവർത്തിപ്പിക്കാൻ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.

സാമൂഹ്യവിരുദ്ധരുടെ താവളം

ഈ കെട്ടിടം തുറന്നു നൽകാത്തതിനാൽ നൂറുകണക്കിന് യാത്രക്കാരും സ്കൂൾ കുട്ടികളും വെയിലത്തും മഴയത്തും ബസ് കാത്തുനിൽക്കേണ്ട സ്ഥിതിയാണ്. മാത്രമല്ല, ഇപ്പോൾ സന്ധ്യ കഴിഞ്ഞാൽ കെട്ടിടം സാമൂഹ്യവിരുദ്ധരുടെ താവളമായി മാറിയെന്നും നാട്ടുകാർ ആരോപിക്കുന്നു. കെട്ടിടത്തിന്റെ രണ്ടാം നില ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന് വിട്ടുനൽകാൻ പഞ്ചായത്ത് ഭരണസമിതിയിലെ ഒരു കക്ഷി ശ്രമിച്ചിരുന്നെങ്കിലും പ്രധാന കക്ഷിയുടെ എതിർപ്പ് കാരണം അത് നടന്നില്ല. വിശ്രമകേന്ദ്രം തുറന്നുനൽകണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസിന്റെ നേതൃത്വത്തിൽ നിരവധി സമരങ്ങൾ നടന്നിരുന്നെങ്കിലും പഞ്ചായത്ത് ഭരണസമിതി ഇതിനോട് പ്രതികരിച്ചിട്ടില്ല.

അഞ്ചൽ ബസ് സ്റ്റാൻഡിലെ വിശ്രമ കേന്ദ്രം ജനങ്ങൾക്ക് തുറന്ന് കൊടുക്കാൻ അധികൃതർ തയ്യാറാകണം. ഇവിടം ഇപ്പോൾ സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമായി മാറിയിരിക്കുകയാണ്. ഈ കെട്ടിടത്തിന്റെ രണ്ടാം നില വിദ്യാഭ്യാസ സ്ഥാപനത്തിന് വിട്ടുകൊടുക്കരുത്. ഇതിന്റെ പേരിൽ സി.പി.എമ്മും സി.പി.ഐയും തമ്മിലുള്ള തർക്കം ഉപേക്ഷിച്ച് വിശ്രമകേന്ദ്രം ജനങ്ങൾക്ക് ഉപകാരപ്രദമായ രീതിയിൽ തുറക്കാൻ നടപടിവേണം.

തോയിത്തല മോഹനൻ (അഞ്ചൽ ഗ്രാമപഞ്ചായത്ത് അംഗം, കോൺഗ്രസ് അഞ്ചൽ ബ്ലോക്ക് പ്രസിഡന്റ്)