പടിഞ്ഞാറെ കല്ലട: കൊല്ലം-കടപുഴ റൂട്ടിൽ കല്ലടയാറ്റിലൂടെ സർവീസ് നടത്താനിരുന്ന പുതിയ സോളാർ ഇലക്ട്രിക് ഹൈബ്രിഡ് ബോട്ടുകൾ ലഭിക്കാനുള്ള സാദ്ധ്യത മങ്ങി. സംസ്ഥാന ജലഗതാഗത വകുപ്പ് ആലപ്പുഴയിൽ നിർമ്മിച്ച ബോട്ടുകൾക്ക് പാലങ്ങളുടെ വീതിക്കുറവ് കാരണം കൊല്ലത്തേക്ക് എത്തിക്കാൻ കഴിയില്ല. കൊല്ലത്തിന് അനുവദിച്ച ബോട്ടുകൾ മൺറോത്തുരുത്തിനും പടിഞ്ഞാറെ കല്ലടയ്ക്കും പ്രയോജനപ്പെടും വിധം സർവീസ് നടത്തുവാനാണ് അധികൃതർ തീരുമാനിച്ചിരുന്നത്. ആലപ്പുഴയിൽ പുതുതായി നിർമ്മിക്കുന്ന 6 ബോട്ടുകളിൽ രണ്ടെണ്ണം പണി പൂർത്തിയാക്കി ട്രയൽ റൺ നടത്തിവരികയാണ്. ഈ വർഷം ഡിസംബറോടെ ബാക്കിയുള്ളവയുടെ പണി പൂർത്തിയായേക്കും.
പ്രധാന വെല്ലുവിളി കോവിൽത്തോട്ടം പാലം
പുതിയ ബോട്ടുകൾ ആലപ്പുഴയിൽ നിന്നും കൊല്ലത്ത് എത്തിക്കണമെങ്കിൽ തൃക്കുന്നപ്പുഴ, കോവിൽത്തോട്ടം എന്നീ പാലങ്ങളുടെ അടിയിലൂടെ കടന്നുവരണം. ബോട്ടിന്റെ വീതി 7 മീറ്ററും നീളം 25 മീറ്ററുമാണ്. എന്നാൽ കോവിൽത്തോട്ടം പാലത്തിന്റെ സ്പാനുകൾ തമ്മിലുള്ള അകലം 4 മീറ്റർ മാത്രമാണ്. അതിനാൽ നിലവിലെ നടപ്പാലത്തിന്റെ സ്പാനുകളുടെ വീതി വർദ്ധിപ്പിക്കാതെ ബോട്ടുകൾക്ക് ഇതുവഴി കടന്നുവരുന്നത് അസാദ്ധ്യമാണ്. ഇതാണ് കല്ലടക്കാർക്കും മൺറോത്തുരുത്തുകാർക്കും നിരാശയ്ക്ക് കാരണമായത്.
ബോട്ടിന്റെ സവിശേഷതകൾ:
നിർമ്മാണച്ചെലവ്: ഏകദേശം 2 കോടി രൂപ.
യാത്രക്കാർ: ഒരു സമയം 30 പേർക്ക് യാത്ര ചെയ്യാം.
വേഗത: മണിക്കൂറിൽ പരമാവധി 20 കിലോമീറ്റർ.
ജീവനക്കാർ: ഒരു ഡ്രൈവർ, ഒരു സ്രാങ്ക്, രണ്ട് ലാസ്കർമാർ.
ഇന്ധനം: ഡീസൽ എൻജിൻ ബോട്ടുകൾക്ക് ഒരു ദിവസം 13,000 രൂപയോളം ചെലവ് വരുമ്പോൾ സോളാർ ബോട്ടുകൾക്ക് 500 രൂപയിൽ താഴെ മാത്രമാണ് ചെലവ്.
ടിക്കറ്റ് നിരക്ക്: 3 കിലോമീറ്റർ വരെ 6 രൂപ.
കൊച്ചിയിലെ 'മാറ്റ് പ്രോപ്' എന്ന കമ്പനിക്കാണ് ഈ ബോട്ടുകളുടെ നിർമ്മാണച്ചുമതല.
ആലപ്പുഴയിൽ നിന്ന് കൊല്ലത്തേക്ക് സോളാർ ഇലക്ട്രിക് ഹൈബ്രിഡ് ബോട്ട് എത്തിക്കുന്നതിന്റെ ഭാഗമായി നടത്തിയ റൂട്ട് പരിശോധനയിൽ തടസമായി നിൽക്കുന്നത് കോവിൽതോട്ടം പാലത്തിന്റെ സ്പാനുകൾ തമ്മിലുള്ള അകലം നാലുമീറ്ററാണ്. സോളാർ ഇലക്ട്രിക് ബോട്ടിന്റെ വീതി 7 മീറ്ററും കോവിൽത്തോട്ടം പള്ളിക്ക് സമീപത്തെ നടപ്പാലത്തിന്റെ സ്പാനുകൾ തമ്മിലുള്ളഅകലം വർദ്ധിപ്പിക്കാതെ ഇതുവഴി ബോട്ട് കൊണ്ടുവരുവാൻ സാധിക്കില്ല. സുജിത്ത് , ട്രാഫിക് സൂപ്രണ്ട്, ആലപ്പുഴ