കൊല്ലം: മലയാളം പ്ലാന്റേഷൻ തൊഴിലാളികളുടെ ബോണസ് പ്രശ്‌നം ലേബർ കമ്മിഷണറുടെ സാന്നിദ്ധ്യത്തിൽ ചർച്ച ചെയ്‌ത് തീർപ്പാക്കി. മിനിമം ബോണസിൽ നിന്ന് ആയിരം രൂപയുടെ വർദ്ധനവ് (9.5%) മാനേജ്‌മെന്റും ട്രേഡ് യൂണിയനുകളും അംഗീകരിച്ചു. മിനിമം ബോണസ് കൂടാതെ 1000 രൂപയുടെ വർദ്ധനവ് തൊഴിലാളികൾക്ക് ലഭിക്കും. 31നകം ബോണസ് നൽകും. ട്രേഡ് യൂണിയനുകളെ പ്രതിനിധീകരിച്ച് കെ.കെ.ജയചന്ദ്രൻ എക്‌സ് എം.എൽ.എ, എസ്.ജയമോഹൻ (സി.ഐ.ടി.യു), പ്രതാപൻ (ഐ.എൻ.ടി.യു.സി), പി.കെ.മൂർത്തി, എം.ഐ.ഔസേപ്പ് (എ.ഐ.ടി.യു.സി), വിജയൻ (ബി.എം.എസ്), മാനേജ്‌മെന്റിനെ പ്രതിനിധീകരിച്ച് ബിജു പണിക്കർ, വിനോദ് എന്നിവരും പങ്കെടുത്തു. തൊഴിൽ വകുപ്പിനും ട്രേഡ് യൂണിയനുകൾക്കും നന്ദി അറിയിച്ച് എസ്റ്റേറ്റുകളിൽ ഇന്ന് രാവിലെ പ്രകടനം നടത്തണമെന്ന് കേരള പ്ലാന്റേഷൻ ലേബർ ഫെഡറേഷൻ (സി.ഐ.ടി.യു) സംസ്ഥാന പ്രസിഡന്റ് എസ്.ജയമോഹനും സെക്രട്ടറി കെ.കെ.ജയചന്ദ്രനും അഭ്യർത്ഥിച്ചു.