കൊല്ലം: കേരളപുരം ഷാജില വധക്കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി. അഞ്ചുമുക്കിൽ ഒമർ കോട്ടേജിൽ ഷാജിലയെ (42) കൊലപ്പെടുത്തിയ കേസിൽ ഇളമ്പള്ളൂർ കേരളപുരം കരിമ്പിൻകര കുന്നുംപുറത്ത് വീട്ടിൽ അനീഷ് കുട്ടിയെയാണ് കൊല്ലം അഞ്ചാം അഡിഷണൽ ജില്ലാ കോടതി ജഡ്ജ് ബിന്ദു സുധാകരൻ കുറ്റക്കാരനെന്ന് കണ്ടെത്തിയത്.

2019 ഡിസംബർ 11നായിരുന്നു സംഭവം. ട്യൂഷൻ അദ്ധ്യാപികയായിരുന്നു ഷാജില. ഷാജിലെയും കുടുംബത്തെയും പ്രതി നിരന്തരം ശല്യപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ കുണ്ടറ പോലീസ് സ്റ്റേഷനിൽ നിരവധി പരാതികളും നൽകിയിരുന്നു. സംഭവദിവസം രാവിലെ ഏഴ് വയസുള്ള മകളെ സ്കൂൾ ബസിൽ കയറ്റിവിട്ട ശേഷം തിരികെ വീട്ടിലേക്ക് വരുന്നതിനിടെ കത്തിയുമായി കാത്തുനിന്ന പ്രതി ഷാജിലയെ തടഞ്ഞുനിറുത്തി പലതവണ കുത്തുകയായിരുന്നു.

സ്ഥലത്തുണ്ടായിരുന്നവർ വിവരം അറിയിച്ചതിനെ തുടർന്ന് കുണ്ടറ പൊലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ പി.വി.രമേശ് കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി ഷാജിലയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഷാജിലയുടെ മൃതദേഹത്തിൽ 41 കുത്തേറ്റ മുറിവുകൾ ഉണ്ടായിരുന്നു. നാട്ടുകാർ തടഞ്ഞുവച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

മുൻ ജില്ലാ ഗവ. പ്ലീഡർ ആർ.സേതുനാഥാണ് കേസിലെ പബ്ലിക് പ്രോസിക്യൂട്ടർ. കൂടാതെ പബ്ലിക് പ്രോസിക്യൂട്ടർ ജയകമലാസനൻ, അഡ്വ. മിലൻ.എം.മാത്യു, അഡ്വ. എസ്.പി.പാർത്ഥസാരഥി, അഡ്വ. ബി.അമിന എന്നിവരും പ്രോസിക്യൂഷന് വേണ്ടി ഹാജരായി. സിവിൽ പൊലീസ് ഓഫീസർ എസ്.അനിൽ കുമാർ പ്രോസിക്യൂഷൻ സഹായിയായി.

ദൃക്സാക്ഷികൾ കൂറുമാറിയിട്ടും

മൊഴി തെളിവായി
2023 ആഗസ്റ്റിൽ തുടങ്ങിയ വിചാരണ രണ്ടുവർഷം നീണ്ടു. പ്രോസിക്യൂഷൻ 40 സാക്ഷികളെ വിസ്തരിച്ചു. രമേശ്കുമാർ സ്ഥലം മാറിയതിനെ തുടർന്ന് സർക്കിൾ ഇൻസ്പെക്ടർ ജയകൃഷ്ണനാണ് തുടരന്വേഷണം നടത്തിയത്. പ്രോസിക്യൂഷൻ സാക്ഷി പട്ടികയിൽ ഉൾപ്പെടുത്തി കോടതിയിൽ വിസ്തരിച്ച ദൃക്സാക്ഷികൾ കൂറുമാറിയ കേസിൽ അവരുടെ മൊഴികളുടെ ചില ഭാഗങ്ങൾ കോടതി തെളിവായി പരിഗണിച്ചു.
ഷാജിലയുടെ രക്തം പ്രതിയുടെ ഡ്രസിൽ കണ്ടെത്തിയ രാസ പരിശോധന ഫലം കോടതി തെളിവായി സ്വീകരിച്ചു. പരാതി രജിസ്റ്ററും, പരാതികളും പൊലീസ് പ്രോസിക്യൂഷൻ തെളിവായി സമർപ്പിച്ചിരുന്നു. മെഡിക്കൽ എവിഡൻസും ഫോറൻസിക് തെളിവുകളും ഉൾപ്പെട്ട സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കോടതി പ്രതിയെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.