കൊല്ലം: ദേശീയപാതയിൽ കാങ്കത്ത് മുക്ക്, വെള്ളയിട്ടമ്പലം ഭാഗങ്ങളിൽ റോഡിലെ കുഴി മൂലം അപകടങ്ങൾ തുടർക്കഥയായിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ല.

തിരുവനന്തപുരം ഭാഗത്ത് നിന്ന് ആനന്ദവല്ലീശ്വരം ക്ഷേത്രത്തിനടുത്തുകൂടി ആലപ്പുഴ ഭാഗത്തേക്കും തിരികെയുമുള്ള വാഹനങ്ങൾ കടന്നുപോകുന്ന തിരക്കേറിയ ജംഗ്ഷനാണ് വെള്ളയിട്ടമ്പലം. ഇവിടെയാണ് റോഡ് തകർന്ന് കുഴികൾ നിറഞ്ഞിരിക്കുന്നത്. കാങ്കത്തു മുക്കിലും സമാനമായ അവസ്ഥയാണ്. സിവിൽ സ്റ്റേഷനിൽ നിന്ന് ഏറെ ദൂരെയൊന്നുമല്ല ഇവിടം. സൂപ്പർ ഫാസ്റ്റ് ഉൾപ്പെടെ എപ്പോഴും വാഹനത്തിരക്കുള്ള ഇവിടങ്ങളിൽ ആരുടെയെങ്കിലും ജീവൻ പൊലിയാനായി കാരിക്കുകയാണ് അധികൃതരെന്ന് നാട്ടുകാർ ആരോപിക്കുന്നു.

കാങ്കത്ത് മുക്കിൽ കളക്ടറേറ്റ്- ആനന്ദവല്ലീശ്വരം ജംഗ്ഷനിൽ നിന്നു കാവനാട്ടേക്ക് പോകുന്ന ഭാഗം കുറച്ച് നാൾ മുൻപ് പൂ‌ർണമായും തകർന്ന നിലയിലായിരുന്നു. കുഴികളിൽ വീണ് വാഹനയാത്രികർ അപകടത്തിൽപ്പെടുന്നതിനെ തുടർന്ന് രാഷ്ട്രീയ പാർട്ടികൾ ഉൾപ്പെടെ പ്രതിഷേധവുമായി രംഗത്തെത്തുകയും തുടർന്ന് മാസങ്ങൾക്ക് മുൻപ് ഇവിടുത്തെ കുഴികൾ മൂടുകയുമായിരുന്നു. ബിറ്റുമിൻ കോൾഡ് മിക്സ് ഷെൽമാക് എന്ന മിശ്രിതം കൊണ്ടാണ് കുഴികൾ അടച്ചത്. എന്നാൽ വീണ്ടും ഇവിടെ റോഡിൽ കുഴികൾ നിറയുന്നു. ആൽമരത്തിന്റെ ശിഖരങ്ങൾ വളർന്നു നിൽക്കുന്നതിനാൽ രാത്രികാലത്ത് വഴി വിളക്കുകളിലെ വെളിച്ചം റോഡിലേക്കു കിട്ടാറില്ല. പി.ഡബ്യു.ഡി എൻ.എച്ച് വിഭാഗമാണ് റോഡുകളുടെ നവീകരണം നടത്തേണ്ടത്.

പേടിക്കണം ഇരുട്ടിനെ

 പല കുഴികളും ഗർത്തങ്ങളായി

 ഇരുട്ടിയാൽ ശ്രദ്ധയിൽപ്പെടില്ല

 തകർന്ന റോഡിൽ നിന്ന് കല്ലുകളും മെറ്റിൽ കഷ്ണങ്ങളും ഇളകി ചിതറിക്കിടക്കുന്നു

 ഇരുചക്ര വാഹനയാത്രക്കാർ കുഴിയിൽ നിയന്ത്രണം തെറ്റുന്നത് പതിവ്

 വെള്ളയിട്ടമ്പലം ഭാഗത്ത് റോഡിന്റെ വശങ്ങളിലെ ഉയരവ്യത്യാസവും ഭീഷണി

സർക്കാരിൽ നിന്ന് റീ ടാറിംഗിന് അനുമതി ലഭിച്ചിട്ടില്ല. ലഭിച്ചാലുടൻ പണി ആരംഭിക്കും

പൊതുമരാമത്ത് ദേശീയപാത ഉപവിഭാഗം അധികൃതർ