ക്ലാപ്പന: ഓച്ചിറ ഗ്രാമപഞ്ചായത്തിലെ ബഡ്‌സ് സ്കൂളിൽ സംഘടിപ്പിച്ച ഓണാഘോഷം ജനപ്രതിനിധികളുടെയും വിദ്യാർത്ഥികളുടെയും രക്ഷാകർത്താക്കളുടെയും സജീവ പങ്കാളിത്തം കൊണ്ട് വേറിട്ട അനുഭവമായി. സി.ആർ. മഹേഷ് എം.എൽ.എ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ ആഘോഷങ്ങളിൽ പങ്കെടുത്തു. സി.ആർ. മഹേഷ് എം.എൽ.എയുടെ നേതൃത്വത്തിലുള്ള കലാകാരന്മാരുടെ ചെണ്ടമേളത്തിനൊപ്പം കുട്ടികളുടെ പുലികളിയോടെയാണ് പരിപാടികൾ ആരംഭിച്ചത്. തുടർന്ന് നടന്ന വടംവലി മത്സരത്തിൽ എം.എൽ.എ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. ശ്രീദേവി, ജില്ലാ പഞ്ചായത്ത് അംഗം ഗേളി ഷൺമുഖൻ എന്നിവരടങ്ങുന്ന ജനപ്രതിനിധികളുടെ സംഘവും വിദ്യാർത്ഥികളും രക്ഷാകർത്താക്കളും ടീച്ചർമാരുമടങ്ങിയ സംഘവും ഏറ്റുമുട്ടി. ഈ മത്സരത്തിൽ വിദ്യാർത്ഥികളുടെ ടീമാണ് വിജയിച്ചത്. കണ്ണുകെട്ടി കൂടം അടിയും ഓണാഘോഷത്തിന് മാറ്റുകൂട്ടി . ഓണസദ്യ വിളമ്പുന്നതിനും ജനപ്രതിനിധികളടക്കമുള്ളവർ മുന്നിട്ടിറങ്ങി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. കൃഷ്ണകുമാർ, അംഗങ്ങളായ ലത്തീഫ ബീവി, ദിലീപ് ശങ്കർ, മാളു സതീഷ്, അനീജ, സുജാത സരസ്വതി എന്നിവരാണ് പരിപാടികൾക്ക് നേതൃത്വം നൽകിയത് .