തൊടിയൂർ: തൊടിയൂർ ഗ്രാമപഞ്ചായത്ത് 51 ദിന വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 'ഓർമ്മത്തുരുത്ത്' നിർമ്മാണത്തിന് തുടക്കം കുറിച്ചു. കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷന് സമീപം നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു വിജയകുമാർ ഉദ്ഘാടനം ചെയ്തു. 2020-25 കാലയളവിലെ പഞ്ചായത്ത് ഭരണസമിതിയുടെ സ്മരണയ്ക്കായി 23 അംഗങ്ങളും ഓരോ കശുമാവിൻ തൈ നട്ടുകൊണ്ട് ഓർമ്മത്തുരുത്തിന്റെ ഭാഗമായി. തുടർന്ന് വൈസ് പ്രസിഡന്റ് തൊടിയൂർ വിജയൻ, സ്ഥിരംസമിതി അദ്ധ്യക്ഷ ഷബ്‌ന ജവാദ്, അംഗങ്ങളായ ടി.സുജാത, പി.ജി.അനിൽകുമാർ, എൽ. സുനിത, സഫീന അസീസ്, സെക്രട്ടറി സി. രാജേന്ദ്രൻ, ഐ.ആർ.ടി.സി കോ-ഓർഡിനേറ്റർ ശ്യാമ, ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്സൺ അഞ്ജു, തൊഴിലുറപ്പ് ജീവനക്കാരായ ശ്രീലക്ഷ്മി, സ്മിത ഗോപിനാഥ്, മഹിമ എന്നിവരും തൈകൾ നട്ടു. ഹരിതകർമസേന അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.