t

കൊല്ലം: ജൈവ മാലിന്യത്തിൽ നിന്ന് സമ്മർദ്ദിത പ്രകൃതിവാതകം നിർമ്മിക്കുന്ന പ്ലാന്റ് കുരീപ്പുഴയിൽ സ്ഥാപിക്കുന്നതിന് മുന്നോടിയായി, കൊല്ലം നഗരത്തിൽ ഉത്പാദിപ്പിക്കുന്ന ജൈവമാലിന്യങ്ങളിൽ സ്വകാര്യ ഏജൻസി​ പഠനം തുടങ്ങി. സംസ്കരണത്തിന് ഉപയോഗിക്കുന്ന മാലിന്യത്തിന്റെ സ്വഭാവമനുസരിച്ച് പ്ളാന്റി​ൽ ഉത്പാദി​പ്പി​ക്കുന്ന പ്രകൃതി​വാതകത്തിന്റെ അളവിൽ മാറ്റമുണ്ടാകും. അതി​നാൽ പ്ലാന്റിന്റെ ഘടന അടക്കം നിശ്ചയിക്കാനാണി​ത്. പ്ലാന്റ് സ്ഥാപിക്കുന്ന പൊതുമേഖലാ സ്ഥാപനമായ ബി.പി.സി.എൽ ആണ് ഏജൻസി​യെ നി​യോഗി​ച്ചത്.

നഗരത്തിലെ തുമ്പൂർമൂഴി മോഡൽ സംസ്കരണ യൂണിറ്റുകൾ, ഹോട്ടലുകൾ, പൗൾട്രി ഫാമുകൾ എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും പഠനത്തിനുള്ള സാമ്പിൾ ശേഖരിക്കുന്നത്. ചോറ് കൂടുതലായുള്ള ഭക്ഷണാവശിഷ്ടം, പച്ചക്കറി അവശിഷ്ടം, ഇറച്ചിമാലിന്യം എന്നിവ നഗരത്തി​ൽ നി​ന്ന് യഥേഷ്ടം ലഭിക്കുമെന്നാണ് നിലവിലെ നിഗമനം.

.............................

പ്ളാന്റ് ശേഷി​

150 ടൺ

............................

അയൽ സഹായം തേടും

കുരീപ്പുഴയ്ക്ക് സമീപത്തെ തദ്ദേശ സ്ഥാപനങ്ങളുടെ കൂടി പിന്തുണയോടെ ആദ്യഘട്ടത്തിൽ 120 ടൺ ജൈവമാലിന്യം എത്തിക്കാമെന്ന് കോർപ്പറേഷൻ ഉറപ്പ് നൽകിയിട്ടുണ്ട്. എങ്കിലും നൂറിൽ താഴെ ടൺ സംസ്കരിക്കാനുള്ള സംവിധാനമേ ആദ്യഘട്ടത്തിൽ സജ്ജമാക്കാൻ സാദ്ധ്യതയുള്ളൂ. വീടുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് നി​ലവി​ൽ മാലിന്യം ശേഖരിക്കുന്ന ഹരിതകർമ്മസേന മാതൃകയിലുള്ള സംവിധാനം ഏർപ്പെടുത്തും. ജൈവമാലിന്യം നൽകുന്നവർ നിശ്ചിത തുക യൂസർഫീസ് നൽകേണ്ടി വരും.

....................................

 കുരീപ്പുഴയിൽ ബയോമൈനിംഗ് പൂർത്തിയാക്കിയത് 15 ഏക്കറിൽ

 ഇതിൽ നിന്ന് ഏഴ് ഏക്കർ പ്ലാന്റ് സ്ഥാപിക്കാൻ ബി.പി.സി.എല്ലിന് കൈമാറും

 റവന്യു വകുപ്പ് ഈ ഭൂമിയുടെ സർവേ നടത്തി

 റിപ്പോർട്ട് ലഭിക്കുന്നതിന് പിന്നാലെ ഭൂമി കൈമാറാൻ നടപടി