ganesh

കൊല്ലം: സെപ്തംബർ 6 വരെ നീണ്ടുനിൽക്കുന്ന ഗണേശോത്സവത്തിന് അമൃതപുരി മാതാ അമൃതാനന്ദമയി മഠത്തിൽ തുടക്കമായി. പ്രധാന ഹാളിലെ വേദിയിൽ ഭദ്രദീപം തെളിച്ച് സ്വാമി തുരീയാമൃതാനന്ദപുരി ആഘോഷങ്ങൾക്ക് സമാരംഭം കുറിച്ചു. തുടർന്ന് ഗജപൂജയും ആശ്രമത്തിലെ കളരിയിൽ ഗണേശ പൂജയും നടന്നു. ഗണേശ ചതുർത്ഥിയുടെ ഭാഗമായി ആശ്രമത്തിൽ നടന്ന ഭജനയിൽ സന്യാസി, സന്യാസിനിമാർ, മറ്റ് ആശ്രമ അന്തേവാസികൾ, ഭക്തർ എന്നിവർ പങ്കെടുത്തു. ആഘോഷം അവസാനിക്കുന്ന ദിവസം വൈകിട്ട് ഗണേശവിഗ്രഹം കടലിൽ നിമജ്ജനം ചെയ്യും. നിമജ്ജനഘോഷയാത്രയിൽ അമൃത വിശ്വവിദ്യാപീഠം, അമൃതപുരി ആശ്രമം എന്നിവിടങ്ങളിൽ നിന്നുള്ള ഘോഷയാത്രകളും ഭാഗമാകും. എല്ലാ ദിവസവും അമൃതാനന്ദമയി മഠത്തിൽ ഭജനയും ഉണ്ടായിരിക്കും.