കൊട്ടാരക്കര: കേരളത്തിൽ ഒരിഞ്ച് ഭൂമി പോലും തരിശിടാതെ കൃഷിയിടങ്ങളാക്കി മാറ്റുന്നതിനുള്ള നിയമം ഉടൻ നടപ്പിലാക്കുമെന്ന് കൃഷി മന്ത്രി പി.പ്രസാദ് പറഞ്ഞു. വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്തും കാർഷിക വികസന- കർഷക ക്ഷേമ വകുപ്പും സംയുക്തമായി പുത്തൂർ പാങ്ങോട് സംഘടിപ്പിച്ച 'കാർഷികോത്സവം 2025' ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മാരകമായ കീടനാശിനികൾ ഉപയോഗിച്ചുള്ള ഭക്ഷണം കഴിക്കുന്നതിനാൽ 56.4ശതമാനം പേർ രോഗികളായിത്തീരുന്നു. ഭക്ഷണവും ജീവിതശൈലിയുമാണ് ഇതിന് കാരണം. വിഷരഹിതമായ ഭക്ഷണം ഉത്പാദിപ്പിച്ച് നമ്മുടെ ആരോഗ്യം സംരക്ഷിക്കാൻ എല്ലാവരും കൃഷിയിലേക്ക് ഇറങ്ങണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. കോവൂർ കുഞ്ഞുമോൻ എം.എൽ.എ അദ്ധ്യക്ഷനായി. കൃഷി അസിസ്റ്റന്റ് ഡയറക്ടർ വി.എസ്. സരിത പദ്ധതി വിശദീകരിച്ചു. പവിത്രേശ്വരം പഞ്ചായത്ത് പ്രസിഡന്റ് വി.രാധാകൃഷ്ണൻ, ഉമ്മന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ ചെല്ലപ്പൻ, മേലില ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എബി ഷാജി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ.സുമലാൽ, ആർ.രശ്മി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ എന്നിവർ സംസാരിച്ചു. വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രഞ്ജിത്ത് സ്വാഗതവും പവിത്രേശ്വരം കൃഷി ഓഫീസർ നവിദ നന്ദിയും പറഞ്ഞു.