കൊല്ലം: കൊട്ടാരക്കരയിൽ പേവിഷബാധയേറ്റ് മരിച്ചയാളുടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. പെരുംകുളം റേഡിയോമുക്ക് നെടിയവിള പുത്തൻവീട്ടിൽ എൻ.ബിജുകുമാറാണ് (52) മരിച്ചത്. ഇന്നലെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം സന്ധ്യയോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. ആരോഗ്യപ്രവർത്തകരുടെ കർശന നിയന്ത്രണത്തോടെയായിരുന്നു പൊതുദർശനവും സംസ്കാര ചടങ്ങുകളും. ചൊവ്വാഴ്ച ഉച്ചയോടെയാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വച്ച് ബിജുകുമാറിന് പേവിഷബാധ സ്ഥിരീകരിച്ചത്. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് മരിച്ചത്. ബിജുകുമാറുമായി ഇടപഴകിയ ഏഴുപേർക്കും ഇന്നലെ മൂന്നുപേർക്കും പ്രതിരോധ കുത്തിവയ്പ് നൽകി. ആരോഗ്യ പ്രവർത്തകർ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. എട്ടുമാസം മുമ്പ് റേഡിയോ ജംഗ്ഷനിൽ വച്ച് നിരവധിപേരെ തെരുവ് നായ കടിച്ചിരുന്നു. ഇക്കൂട്ടത്തിലാണ് ബിജുകുമാറിനും കടിയേറ്റത്. എന്നാൽ പേവിഷബാധക്കെതിരെയുള്ള പ്രതിരോധ കുത്തിവയ്പ്പെടുക്കാൻ ബിജുകുമാർ തയ്യാറായില്ല. ദിവസങ്ങൾക്ക് ശേഷം ആരോഗ്യപ്രവർത്തകർ വീട്ടിലെത്തി നിർബന്ധിച്ചപ്പോൾ നാല് തവണയെടുക്കേണ്ട പ്രതിരോധ കുത്തിവയ്പ്പ് ഒരുതവണയെടുത്തു. ചൊവ്വാഴ്ച കടുത്ത പനിയും വിറയലുമായിട്ടാണ് താലൂക്ക് ആശുപത്രിയിലെത്തിച്ചത്.