കൊട്ടാരക്കര: കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിൽ വിനായക ചതുർത്ഥി ആഘോഷം ഭക്തിനിർഭരമായി. ഗജപൂജയിലും ആനയൂട്ടിലും പങ്കെടുത്ത് ആയിരങ്ങൾ സായൂജ്യമടഞ്ഞു. പുലർച്ചെതന്നെ ക്ഷേത്ര ചടങ്ങുകൾ തുടങ്ങി. തലേന്നാൾ മുതൽ വ്രതംനോറ്റവരടക്കം നൂറുകണക്കിന് ഭക്തർ പുലർച്ചെ ക്ഷേത്രത്തിലെത്തിയിരുന്നു. മൃത്യുഞ്ജയ ഹോമം, 1008 നാളികേരത്തിൽ അഷ്ടദ്രവ്യ മഹാഗണപതിഹോമം, ഗജപൂജ തുടങ്ങിയ ചടങ്ങുകൾ നടന്നു. തന്ത്രി ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം നൽകി. ഇടമുളയ്ക്കൽ മരുതു മംഗലത് മഠത്തിൽ എം. കൃഷ്ണ ശർമ്മയുടെ മുഖ്യ കാർമ്മികത്വത്തിൽ 25 ൽ പരം താന്ത്രിക ശ്രേഷ്ഠരും ചേർന്നാണ് ഗണപതി ഹോമ ഹവിസ് തയ്യാറാക്കിയത്. വർഷത്തിൽ ഒരിക്കൽ ലഭിക്കുന്ന മോദക വഴിപാടിനായി പ്രത്യേക കൗണ്ടറുകൾ ദേവസ്വം ബോർഡ് ഒരുക്കിയിരുന്നു. ഗജപൂജ, ആനയൂട്ട് എന്നീ ചടങ്ങുകൾ നടന്നു. ദേവസ്വം ഡെപ്യുട്ടി കമ്മിഷണർ ജി.മുരളീധരൻ പിള്ള, അസിസ്റ്റന്റ് കമ്മിഷണർ ആയില്യ ആർ.പിള്ള, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ജെ.വത്സല കുമാരി, ചിറക്കടവ് എ.ഒ എം.ആർ വിഷ്ണു എന്നിവർ പങ്കെടുത്തു. .ദേവസ്വം ബോർഡിന്റെ നേതൃത്വത്തിലാണ് ഇത്തവണ വിനായക ചതുർഥി ഗണേശോത്സവം സംഘടിപ്പിച്ചത്.