കൊല്ലം: മുൻ കൊല്ലം ബാർ അസോസിയേഷൻ പ്രസിഡന്റ് ധീരജ് രവിയുടെ വീട്ടിൽ നിന്ന് 27 പവൻ കവർന്ന കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജിയിൽ സിറ്റി പൊലീസ് കമ്മിഷണറോട്‌ ഹൈക്കോടതി വിശദീകരണം തേടി. 2023 ഏപ്രിൽ 28ന് രാത്രി ധീരജ് രവിയുടെ വീട്ടിൽ മോഷണം നടന്നിരുന്നു. കുടുംബം സെക്കൻഡ് ഷോയ്ക്ക് പോയിരുന്നപ്പോഴായിരുന്നു സംഭവം. ഭരണാനുകൂല സംഘടനാ പ്രവർത്തകർക്കെതിരെ കേസ് നടത്തിയതിന്റെ പ്രതികാരമായാണ് കവർച്ച നടത്തിയതെന്ന് കൊല്ലം വെസ്റ്റ് പൊലീസിനെ അറിയിച്ചിരുന്നെങ്കിലും കാര്യമായ അന്വേഷണം നടത്തിയില്ലെന്ന് ചൂണ്ടിക്കാട്ടി ധീരജ് രവി ഹൈക്കോടതിയിൽ ഹർജി നൽകി. കേസ് ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറാൻ 2024 സെപ്തംബർ 23ന് ഹൈക്കോടതി ഉത്തരവിട്ടു. ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തിട്ടും യാതൊരു പുരോഗതിയും ഇല്ലെന്നും ഭരണകക്ഷിയുടെ പിന്തുണയോടെ പ്രതികളെ പൊലീസ് സഹായിക്കുകയാണെന്നും കാട്ടിയാണ് കോടതി അലക്ഷ്യ ഹർജി ഫയൽ ചെയ്തത്. ധീരജ് രവിക്ക് വേണ്ടി അഭിഭാഷകരായ ജോർജ് പൂന്തോട്ടം, അഭിഭാഷകരായ നിഷ ജോർജ്, നവനീത് കൃഷ്ണൻ, നമിത ഫിൽസൺ, അക്ഷര രാജു എന്നിവർ ഹാജരായി.