എഴുകോൺ : വാക്കനാട് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ 2 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച പുതിയ ബഹുനില ബ്ലോക്കിന്റെ ഉദ്ഘാടനം മന്ത്രി കെ.എൻ.ബാലഗോപാൽ നിർവഹിച്ചു. കരീപ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.എസ്.സുവിധ അദ്ധ്യക്ഷയായി. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച 20 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച ടോയ്ലറ്റ് കോംപ്ലക്സ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. അഭിലാഷ് ഉദ്ഘാടനം ചെയ്തു. ആദരിക്കൽ ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപനും പ്ലസ് ടു ഉന്നത വിജയികൾക്കുള്ള പുരസ്കാര വിതരണം വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷും ഡിജിറ്റൽ മാഗസിൻ പ്രകാശനം ജില്ലാ പഞ്ചായത്ത് അംഗം പ്രിജി ശശിധരനും നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.മിനി, സ്ഥിരം സമിതി അദ്ധ്യക്ഷൻ എം. തങ്കപ്പൻ ,ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ഉദയകുമാർ, സ്ഥിരം സമിതി അദ്ധ്യക്ഷരായ ടി. സന്ധ്യാഭാഗി, ടി.എസ്. ഓമനക്കുട്ടൻ,ആർ.ഗീതാകുമാരി, അംഗങ്ങളായ ആർ.സുനിതകുമാരി, സി.ജി.തിലകൻ, സിന്ധു ഓമനക്കുട്ടൻ, വൈ. റോയ്, എ.ഉഷ,കരീപ്ര സഹകരണ ബാങ്ക് പ്രസിഡന്റ് ജി.ത്യാഗരാജൻ,വാക്കനാട് രാധാകൃഷ്ണൻ, എം. എസ്. ശ്രീകുമാർ, സി. അജയകുമാർ,ബി.വിക്രമൻ പിള്ള, ബി.രാജൻപിള്ള, ബിജു തുടങ്ങിയവർ സംസാരിച്ചു. പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ.കെ.കെ.ഷാജി റിപ്പോർട്ട് അവതരിപ്പിച്ചു. പി.ടി.എ പ്രസിഡന്റ് കെ.രാജേന്ദ്രൻ പിള്ള സ്വാഗതവും ഹെഡ്മിസ്ട്രസ് വി.ജി .ജോസഫൈൻ നന്ദിയും പറഞ്ഞു.
പി. ഐഷാ പോറ്റി അനുവദിപ്പിച്ച ഫണ്ട്
9 വർഷം മുൻപ് എം.എൽ.എ ആയിരുന്ന പി. ഐഷാ പോറ്റിയാണ് പൊതുമരാമത്ത് വകുപ്പിൽ നിന്ന് 2 കോടി രൂപ പുതിയ ബ്ലോക്കിനായി അനുവദിപ്പിച്ചത്. ഒപ്പം കിഫ്ബിയിൽ നിന്ന് 3 കോടി രൂപയും അനുവദിപ്പിച്ചു. 2 കോടി രൂപയുടെ നിർമ്മാണ പ്രവർത്തികൾ ഇഴഞ്ഞു നീങ്ങുന്നത് പലപ്പോഴും പ്രതിഷേധങ്ങൾക്ക് കാരണമായി. കോൺക്രീറ്റ് ഘട്ടത്തിൽ കരാറുകാരൻ പദ്ധതി ഉപേക്ഷിക്കുന്ന നിലയും വന്നു. പിന്നീട് മന്ത്രി കെ.എൻ.ബാലഗോപാൽ ഇടപെടലിലാണ് പുതിയ കരാറുകാരനെ നിയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ചത്. കമ്പ്യൂടർ ലാബിന്റെ ഉദ്ഘാടനത്തിന് നിശ്ചയിച്ചിരുന്ന ഐഷാ പോറ്റി ഉദ്ഘാടനത്തിന്റെ തലേ ദിവസം സ്കൂൾ സന്ദർശിച്ച് മടങ്ങി. ഉദ്ഘാടന ദിവസം വ്യക്തിപരമായ അസൗകര്യങ്ങൾ ഉള്ളതിനാലായിരുന്നു ഇത്.