കൊല്ലം: ലി‌ങ്ക് റോഡിലെ കുമാരനാശാൻ സ്മാരക പുനർജനി പാർക്കിന്റെയും ഓപ്പൺ എയർ ഓഡിറ്റോറിയത്തിന്റെയും നിർമ്മാണം പുനരാരംഭിച്ചു. മഴയെത്തുടർന്ന് താത്കാലികമായി പ്രവൃത്തി​കൾ നിറുത്തിവച്ചി​രി​ക്കുകയായി​രുന്നു.

ഓപ്പൺ എയർ ഓഡിറ്റോറിയത്തിന്റെ മുൻവശത്തെ ഫെൻസിംഗ് ജോലികളാണ് പുരോഗമിക്കുന്നത്. ഇലക്ട്രിക് ജോലികൾ ബാക്കി​യുണ്ട്. ഇതിന്റെ എസ്റ്റിമേറ്റ് എടുത്തു. വൈകാതെ നി​ർമ്മാണം ആരംഭി​ക്കും. അഷ്ടമുടിക്കായൽ മുതൽ തെന്മല വരെ ഭൂപ്രദേശങ്ങളെ ഉൾപ്പെടുത്തിയുള്ള ജൈവവൈവിദ്ധ്യ വിനോദസഞ്ചാര സർക്യൂട്ട് (കൊല്ലം ബയോഡൈവേഴ്സിറ്റി സർക്യൂട്ട്) ആരംഭിക്കുന്നതും പുനർജനി പാർക്കിൽ നിന്നാണ്. ബയോഡൈവേഴ്സിറ്റി സർക്യൂട്ടുമായി ബന്ധപ്പെട്ട നിർമ്മാണങ്ങൾ കൂടി പുനർജനി പദ്ധതി​യോടു ചേർന്ന് ചെയ്യുന്നതിനാൽ ഇവയെല്ലാം പൂർത്തിയായ ശേഷം മാത്രമേ ഓപ്പൺ എയർ ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്യുകയുള്ളൂ.

അഷ്ടമുടി, മൺറോത്തുരുത്ത്, മീൻപിടിപ്പാറ, മുട്ടറ മരുതിമല, ജടായുപ്പാറ, തെന്മല, അച്ചൻകോവിൽ മേഖലകളാണ് കൊല്ലം ജൈവ വൈവിദ്ധ്യ വിനോദസഞ്ചാര സർക്യൂട്ടിൽ ഉൾപ്പെടുന്നത്. ഇതിന്റെ ജോലികളും പുരോഗമിക്കുകയാണെന്ന് ഡി.ടി.പി.സി അധികൃതർ അറിയിച്ചു.

പുനർജനി പാർക്ക് നിർമ്മി​ക്കുന്ന സ്ഥലം മുമ്പ് കാടുമൂടി കി​ടക്കുകയായി​രുന്നു. വാഹനങ്ങളിലും മറ്റും ഇവി​ടെ മാലി​ന്യം തള്ളുന്നതും പതി​വായി​രുന്നു. ഇവിടം വൃത്തിയാക്കി വർഷങ്ങൾക്കുമുമ്പുതന്നെ തുടങ്ങിയ പാർക്ക് നിർമ്മാണം പൂർത്തിയാകാത്തത് പ്രതിഷേധങ്ങൾക്ക് കാരണമാകുന്നുണ്ട്. ചുറ്റുമതിലും മുകളിലെ വേലിയും കാടുമൂടി. മഴ പെയ്താൽ ഇവിടെ വെള്ളക്കെട്ടും ഉറപ്പ്.

കലാ സാംസ്കാരിക വേദി

 ടൂറിസ്റ്റ് ഹബ് എന്ന നിലയിലാണ് ആശാൻ സ്മാരക പുനർജനി പാർക്കും ഓപ്പൺ എയർ ഓഡിറ്റോറിയവും നിർമ്മി​ക്കുന്നത്

 അഷ്ടമുടിക്കായലിന് അഭിമുഖമായി കലാ സാംസ്കാരിക പ്രവർത്തനങ്ങൾക്കുള്ള വേദിയാകും

 പാർക്കിന് 2017ൽ സർക്കാർ അനുമതി നൽകി

 നി​ർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത് 2020ൽ

 നിർമ്മാണ ചെലവ് മൂന്നു കോടിയാണ്

മഴയെ തുടർന്നാണ് നിർമ്മാണം താത്കാലികമായി നിറുത്തി വച്ചത്. ബയോഡൈവേഴ്സിറ്റി സർക്യൂട്ടുമായി ബന്ധപ്പെട്ട നിർമാണങ്ങളും പുരോഗമിക്കുകയാണ്

ഡി.ടി.പി.സി അധികൃതർ