കരുനാഗപ്പള്ളി: കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷന്റെ സമഗ്ര നവീകരണത്തിനായി റെയിൽവേ മന്ത്രാലയം 6 കോടി രൂപ അനുവദിച്ചതായി കെ.സി. വേണുഗോപാൽ എം.പി അറിയിച്ചു. സ്റ്റേഷന്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനാണ് ഈ തുക വിനിയോഗിക്കുക. അടുത്ത രണ്ടര മാസത്തിനുള്ളിൽ ടെണ്ടർ നടപടികൾ ആരംഭിക്കും. നേരത്തെ, സ്റ്റേഷന്റെ പാർക്കിംഗ് ഏരിയയുടെയും അപ്പ്രോച്ച് റോഡിന്റെയും നിർമ്മാണം പൂർത്തിയായിരുന്നു. കൂടാതെ, ഇടക്കുളങ്ങര പുള്ളിമാൻ ജംഗ്ഷൻ ലെവൽ ക്രോസിൽ അടിപ്പാത നിർമ്മിക്കാൻ റെയിൽവേ നേരത്തെ തുക അനുവദിച്ചിരുന്നു.
വികസന പദ്ധതികൾ
പ്ലാറ്റ്ഫോം നവീകരണം: പ്ലാറ്റ്ഫോമുകളുടെ ഉയരം കൂട്ടി കോൺക്രീറ്റ് ചെയ്ത് ടൈലുകൾ സ്ഥാപിക്കും.
യാത്രാ സൗകര്യങ്ങൾ: പ്ലാറ്റ്ഫോം ഷെൽട്ടറുകളുടെ നീളം കൂട്ടും, ശൗചാലയങ്ങൾ, വെയിറ്റിംഗ് മുറികൾ, കുടിവെള്ള സൗകര്യം എന്നിവ ഒരുക്കും.
മറ്റ് നവീകരണങ്ങൾ: സ്റ്റേഷൻ കെട്ടിടങ്ങളുടെ നവീകരണം, കൂടുതൽ ഇരിപ്പിടങ്ങൾ, സർക്കുലേറ്റിംഗ് ഏരിയയുടെ വിസ്തൃതി വർദ്ധിപ്പിക്കൽ, ലൈറ്റിംഗ് അടക്കമുള്ള വൈദ്യുതീകരണ ജോലികൾ എന്നിവയും നടത്തും.
പ്രത്യേക സൗകര്യങ്ങൾ: അംഗപരിമിതർക്കായി പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തും.
സുരക്ഷാ ക്രമീകരണങ്ങൾ: കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ലിഫ്റ്റുകളും കൂടുതൽ ഫുട് ഓവർബ്രിഡ്ജുകളും സ്ഥാപിക്കാനുള്ള ഇടപെടലുകൾ നടത്തുമെന്നും എം.പി അറിയിച്ചു.
കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കാനും കൊവിഡ് കാലത്ത് നിറുത്തിയ സ്റ്റോപ്പുകൾ പുനരാരംഭിക്കാനും റെയിൽവേയിൽ സമ്മർദ്ദം ചെലുത്തും. രാജ്യറാണി, മംഗലാപുരം എക്സ്പ്രസ്, ചെന്നൈ മെയിൽ, മൈസൂരു-കൊച്ചുവേളി തുടങ്ങിയ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരും.
കെ.സി. വേണുഗോപാൽ എം.പി