sachidanatha
എസ്.എൻ.ഡി.പി യോഗം പുനലൂർ യൂണിയനിലെ ഐക്കരക്കോണം 315 -ാം നമ്പർ ശാഖയിലെ ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയ്ക്ക് ശേഷം ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ പ്രഭാഷണം നടത്തുന്നു

പുനലൂർ: ആധുനിക ഭാരതം ലോകത്തിന് നൽകിയ വിശ്വ മഹാഗുരുവാണ് ശ്രീനാരായണ ഗുരുദേവൻ എന്ന് ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം ഐക്കരക്കോണം ശാഖയിൽ ഗുരുദേവ പഞ്ചലോഹ വിഗ്രഹപ്രതിഷ്ഠയ്ക്കു ശേഷം നടന്ന പ്രഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. .

അരുവിപ്പുറത്ത് ഗുരുദേവൻ നടത്തിയ ശിവപ്രതിഷ്ഠ ലോകം കണ്ട ഏറ്റവും വലിയ ആദ്ധ്യാത്മിക വിപ്ലവമായിരുന്നു. ക്രിസ്തുവിന് മുൻപും പിൻപും എന്ന് ചരിത്രത്തെ തരംതിരിക്കുന്നതുപോലെ, അരുവിപ്പുറം ശിവപ്രതിഷ്ഠയ്ക്കു ശേഷം ഗുരുദേവന് മുൻപും പിൻപും എന്ന് ചരിത്രത്തെ തരംതിരിക്കാവുന്ന സ്ഥിതിയാണുള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്വന്തമായി ഒരു സൂര്യനെ ലഭിച്ചിട്ടും മിന്നാമിനുങ്ങിന്റെ വെളിച്ചം തേടിപ്പോകുന്നത് പോലെയാണല്ലോ നിങ്ങൾ എന്ന് ഗുരുദേവനെക്കുറിച്ച് പ്രബന്ധം സമർപ്പിച്ച് ഡോക്ടറേറ്റ് നേടിയ മാർത്തോമ്മാ സഭയുടെ പരമാദ്ധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത പറഞ്ഞ കാര്യവും സ്വാമികൾ ഓർമ്മിപ്പിച്ചു.

ഐക്കരക്കോണം പൂങ്ങോട് ശിവക്ഷേത്രം മേൽശാന്തി ശ്രീജിത്ത് തിരുമേനി പ്രതിഷ്ഠയ്ക്ക് കാർമ്മികത്വം വഹിച്ചു. യൂണിയൻ പ്രസിഡന്റ് ടി.കെ.സുന്ദരേശൻ ഗുരുദേവ മന്ദിര സമർപ്പണം നിർവഹിച്ചു. ശാഖാ പ്രസിഡന്റ് ക്യാപ്റ്റൻ എസ്.മധുസൂദനൻ പ്രാർഥനാ മണ്ഡപത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. പൊതുസമ്മേളനം യൂണിയൻ പ്രസിഡന്റ് ടി.കെ.സുന്ദരേശൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ക്യാപ്റ്റൻ എസ്.മധുസൂദനൻ അദ്ധ്യക്ഷനായി. സെക്രട്ടറി എസ്.വി.ദീപ്കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. വാളക്കോട് എൻ.എസ്.വി വി.എച്ച്.എസ്.എസ് മാനേജരും പ്രഥമാദ്ധ്യാപകനുമായ സുകുമാരൻ, ഏരീസ് ഗ്രൂപ്പ് ഒഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടർ ഡോ.എൻ.പഭിരാജ്, ഗുരുമന്ദിര ശില്പി പ്രഭാകരൻ, എൻജിനീയർ ആർ.രാജേഷ്, കൺസ്ട്രക്ഷൻ സൂപ്പർവൈസർ പി.കെ.ശശി എന്നിവരെ ആദരിച്ചു. യോഗം അസി. സെക്രട്ടറി വനജ വിദ്യാധരൻ, യൂണിയൻ സെക്രട്ടറി ആർ.ഹരിദാസ്, വൈസ് പ്രസിഡന്റ് എ.ജെ. പ്രതീപ്, ഡയറക്ടർ ബോർഡ് അംഗങ്ങളായ എൻ.സതീഷ് കുമാർ, ജി.ബൈജു ,കൗൺസിലർ മാരായ എസ് .സദാനന്ദൻ, അടുക്കളമൂല ബി.ശശിധരൻ, കെ.വി.സുഭാഷ് ബാബു, എൻ.സുന്ദരേശൻ,എസ്.എബി, വനിതാ സംഘം യൂണിയൻ പ്രസിഡന്റ് ഷീല മധുസൂദനൻ, വനിതാ സെക്രട്ടറി ഓമന പുഷ്പാംഗദൻ, വൈസ് പ്രസിഡന്റ് ഉദയകുമാരി ഉദയൻ ശാഖാ വൈസ് പ്രസിഡന്റ് പി.എൻ.സാബു, വനിതാസംഘം സെക്രട്ടറി പ്രസന്നകുമാരി, വൈസ് പ്രസിഡന്റ് ശ്രീദേവി ടാഗോർ തുടങ്ങിയവർ സംസാരിച്ചു. യൂണിയൻ പ്രതിനിധി ബി.ചന്ദ്രബാബു സ്വാഗതവും വനിതാസംഘം പ്രസിഡന്റ് അഞ്ജു സുനിൽ നന്ദിയും പറഞ്ഞു.