high

കൊല്ലം: തീരദേശ ഹൈവേ നിർമ്മാണത്തിന്റെ ജില്ലയിലെ മൂന്ന് റീച്ചുകളിലെ നടപടികളും സ്തംഭനത്തിൽ. ഒന്നും രണ്ടും റീച്ചുകളിലെ അലൈൻമെന്റ് ഇതുവരെ അന്തിമമായിട്ടില്ല. രണ്ടാം റീച്ചിലെ അലൈൻമെന്റ് അന്തിമമാക്കി സാമൂഹ്യാഘാത പഠന റിപ്പോർട്ടായെങ്കിലും വിദഗ്ദ്ധ സമിതിയുടെ തീരുമാനം നീളുകയാണ്.

ഒന്നാം റീച്ചിൽ ഇരവിപുരം, മുണ്ടയ്ക്കൽ ഭാഗങ്ങളിലാണ് അലൈൻമെന്റിൽ മാറ്റമുള്ളത്. സ്ഥലമേറ്റെടുക്കലും പൊളിച്ചുനീക്കലും കുറയ്ക്കാൻ ഇരവിപുരം പള്ളിനേര് മുതൽ താന്നി ലക്ഷ്മിപുരം തോപ്പ് വരെ പൂർണമായും കടൽത്തീരത്ത് കൂടി പോകുന്ന തരത്തിലാണ് അലൈൻമെന്റിൽ മാറ്റം വരുത്തുന്നത്. കൊല്ലം തോടിന്റെ കരയിലൂടെയായിരുന്നു മുണ്ടയ്ക്കൽ ഭാഗത്തെ നേരത്തേയുള്ള അലൈൻമെന്റ്. പൊളിച്ചുനീക്കൽ കുറയ്ക്കാൻ ഈ ഭാഗത്തും പൂർണമായും കടൽ തീരത്ത് കൂടി കടന്നുപോകുന്ന തരത്തിലാണ് മാറ്റം. രണ്ടിടങ്ങളിലെയും പരിഷ്കരിച്ച അലൈൻമെന്റ് ഇതുവരെ നിർവഹണ ഏജൻസിയായി കെ.ആർ.എഫ്.ബി സ്ഥലമേറ്റെടുക്കൽ വിഭാഗത്തിന് കൈമാറിയിട്ടില്ല.

രണ്ടാം റീച്ചിന്റെ സാമൂഹ്യാഘാത പഠന റിപ്പോർട്ട് മൂന്ന് മാസം മുമ്പ് സ്വകാര്യ ഏജൻസി ജില്ലാ ഭരണകൂടത്തിന് കൈമാറിയിരുന്നു. എന്നാൽ കഴിഞ്ഞമാസം 27ന് മാത്രമാണ് റിപ്പോർട്ട് പരിശോധിക്കാനുള്ള വിദഗ്ദ്ധസമിതി രൂപീകരിച്ചത്. സമിതിയുടെ ശുപാർശ അടിസ്ഥാനമാക്കിയേ സർക്കാരിന് സ്ഥലമേറ്റെടുക്കൽ നടപടിയുമായി മുന്നോട്ടുപോകാനാകൂ. സമിതിക്ക് റിപ്പോർട്ട് സമർപ്പിക്കാൻ രണ്ട് മാസം വരെ സമയപരിധിയുണ്ട്.

അലൈൻമെന്റ് അന്തിമമായില്ല

 മൂന്നാം റീച്ചിലെ നടപടികൾ പൂർണമായും പ്രതിസന്ധിയിൽ

 ഈ റീച്ചിൽ ഒരിടത്ത് പോലും ഏറ്റെടുക്കുന്ന ഭൂമിയുടെ അതിർത്തി വേർതിരിച്ച് കല്ല് സ്ഥാപിച്ചിട്ടില്ല

 നിലവിലെ അലൈൻമെന്റ് പ്രകാരം രണ്ടാം റീച്ച് നീണ്ടകരയിൽ അവസാനിക്കും

 മൂന്നാം റീച്ച് ആരംഭിക്കുന്ന ഇടപ്പള്ളിക്കോട്ട വരെ നിലവിലെ ദേശീയപാത 66 വഴിയാണ് തീരദേശപാത കടന്നുപോകുന്നത്

 ഇതിന് പകരം നീണ്ടകര മുതൽ ഇടപ്പള്ളിക്കോട്ട വരെ തീരദേശ റോഡ് നിർമ്മിക്കണമെന്ന ആവശ്യം

 ഇതാണ് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്

 ജനപ്രതിനിധികളെ പങ്കെടുപ്പിച്ച് ജില്ലാ ഭരണകൂടം പലതവണ യോഗം ചേന്നു

 അലൈൻമെന്റിൽ സമവായം ഉണ്ടാക്കാനായില്ല

1-ാം റീച്ച്

കാപ്പിൽ - തങ്കശേരി - 25 ഹെക്ടർ

 അലൈൻമെന്റ് അന്തിമമായില്ല

2-ാം റീച്ച്

തങ്കശേരി - നീണ്ടകര - 9 ഹെക്ടർ

 വിദഗ്ദ്ധ സമിതി ശുപാർശ നീളുന്നു

3-ാം റീച്ച്

ഇടപ്പള്ളിക്കോട്ട - വലിയഴീക്കൽ - 23 ഹെക്ടർ

 അലൈൻമെന്റ് അന്തിമമായില്ല

അലൈൻമെന്റ് അന്തിമമാക്കിയാലേ ഒന്നും മൂന്നും റീച്ചുകളിലെ സ്ഥലമേറ്റെടുക്കലിന്റെ തുട‌ർ നടപടികളിലേക്ക് കടക്കാനാകൂ. രണ്ടാം റീച്ചിൽ വിദഗ്ദ്ധ സമിതിയുടെ ശുപാർശയും ലഭിക്കണം.

സ്ഥലമേറ്റെടുക്കൽ വിഭാഗം