കടൽ വീണ്ടും പ്രക്ഷുബ്ധം
കൊല്ലം: പുറങ്കടലിൽ മുങ്ങിയ ലൈബീരിയൻ ചരക്കുകപ്പൽ എം.എസ്.സി എൽസ 3യിൽ നിന്ന് ഇന്ധനം വീണ്ടെടുക്കുന്ന ദൗത്യത്തിൽ ഏർപ്പെട്ടിരുന്ന സാൽവേജ് ഓപ്പറേഷൻ യാനങ്ങൾ വീണ്ടും കൊല്ലത്തേക്ക് മടങ്ങിവരുന്നു. ദൗത്യം തുടരാനാകാത്ത വിധം കടൽ പ്രക്ഷുബ്ധമായതിനെ തുടർന്ന് സിംഗപ്പൂർ യാനമായ സതേൺ നോവയും ഓഫ്ഷോർ മൊണാർക്കും ഇന്ന് രാവിലെ മടങ്ങിയെത്തും.
ഈമാസം 16നാണ് സതേൺ നോവയും ഓഫ്ഷോർ മൊണാർക്കും സാൽവേജ് ഓപ്പറേഷൻ സംഘവുമായി പുറപ്പെട്ടത്. മുങ്ങിയ കപ്പലിൽ നിന്ന് കഴിഞ്ഞയാഴ്ച നേരിയ അളവിൽ ഇന്ധനം വീണ്ടെടുത്തിരുന്നു. തണുത്തുറഞ്ഞ ഇന്ധനം ശേഖരിക്കാൻ കപ്പലിന്റെ ഇന്ധന ടാങ്കിന്റെ ഭാഗം ചൂടാക്കാനുള്ള ശ്രമം പുരോഗമിക്കവെയാണ് കടൽ വീണ്ടും പ്രക്ഷുബ്ധമായത്. കാലാവസ്ഥ അനുകൂലമായ ശേഷമേ വീണ്ടും ദൗത്യസ്ഥലത്തേക്ക് പോകൂ.
ജൂലായ് അവസാനവാരമാണ് ഇന്ധനം വീണ്ടെടുക്കാനായി കപ്പൽ മുങ്ങിക്കിടക്കുന്ന ഭാഗത്തേക്ക് സതേൺ നോവ ആദ്യമെത്തിയത്. സാൽവേജ് ഓപ്പറേഷൻ വിദഗ്ദ്ധരെ മറ്റൊരു യാനത്തിൽ സതേൺ നോവയിൽ കയറ്റാനുള്ള ശ്രമം രണ്ട് തവണ പരാജയപ്പെട്ടതോടെ കൊല്ലം പോർട്ടിലേക്ക് വരുകയായിരുന്നു.
കൊല്ലം പോർട്ടിന് കാൽ ലക്ഷം വരുമാനം
മുങ്ങിയ കപ്പലിൽ നിന്ന് കടലിൽ വീണ് തീരത്തടിഞ്ഞ കണ്ടെയ്നറുകൾ സൂക്ഷിക്കുന്നതിന്റെ വാടക, സാൽവേജ് ഓപ്പറേഷൻ യാനങ്ങളുടെ ബെർത്ത് ഫീസ് തുടങ്ങിയ ഇനങ്ങളിൽ കൊല്ലം പോർട്ടിന് ഇതുവരെ കാൽ ലക്ഷം രൂപ വരുമാനം ലഭിച്ചു.