തൊടിയൂർ : കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ ഓണാഘോഷത്തിന്റെ ഭാഗമായി 'സ്കൂളങ്ങാടി' എന്ന പേരിൽ കുട്ടികളുടെ ഓണം വിപണനമേള സംഘടിപ്പിച്ചു. വീടുകളിൽ വിളയിച്ച പച്ചക്കറികൾ, മറ്റ് ഭക്ഷ്യവസ്തുക്കൾ, കുട്ടികൾ നിർമ്മിച്ച കരകൗശലവസ്തുക്കൾ, ആഭരണങ്ങൾ, അലങ്കാരവസ്തുക്കൾ, നാടൻ പലഹാരങ്ങൾ, അച്ചാറുകൾ, തുണിത്തരങ്ങൾ തുടങ്ങിയ വൈവിദ്ധ്യമാർന്ന ഉത്പന്നങ്ങൾ വിദ്യാർത്ഥികൾ വിൽപ്പനയ്ക്കായി എത്തിച്ചു.
മന്ത്രി ജെ.ചിഞ്ചുറാണി ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. സി.ആർ.മഹേഷ് എം.എൽ.എ സ്കൂളങ്ങാടിയിലെ ആദ്യ വിൽപ്പന നിർവഹിച്ചു. എൻ.സി.സി ആർമി യൂണിറ്റ് നിർദ്ധനരായ സഹപാഠികൾക്ക് ഓണപ്പുടവകൾ സമ്മാനിച്ചു. സ്കൂൾ മാനേജർ എൽ. ശ്രീലത ഓണപ്പുടവകൾ ഏറ്റുവാങ്ങി. ജെ.ആർ.സി യൂണിറ്റ് തയ്യാറാക്കിയ ഓണക്കിറ്റുകൾ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഡോ.പി.മീന ഏറ്റുവാങ്ങി. നഗരസഭ വൈസ് ചെയർപേഴ്സൺ ഷഹ്ന നസീം, മികച്ച വിദ്യാർത്ഥി കർഷകയായി തിരഞ്ഞെടുക്കപ്പെട്ട ആഫിയ ഫാത്തിമയ്ക്ക് അവാർഡ് സമ്മാനിച്ചു.
പി.ടി.എ പ്രസിഡന്റ് ബി.എ.ബ്രിജിത്ത് അദ്ധ്യക്ഷനായി. ഹെഡ്മിസ്ട്രസ് പി.ശ്രീകല സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ.എസ്. ആശാദേവി നന്ദിയും പറഞ്ഞു. സ്കൂൾ ഭരണസമിതി പ്രസിഡന്റ് വി.പി.ജയപ്രകാശ് മേനോൻ, സ്കൂൾ ഭരണസമിതി അംഗം ജി.മോഹൻ കുമാർ, സ്കൂൾ ചെയർപേഴ്സൺ ഹന്ന ഫാത്തിമ, സ്കൂൾ ലീഡർ ഇസ ഷാനവാസ് ഖാൻ തുടങ്ങിയവർ സംസാരിച്ചു.