കൊല്ലം: കശുഅണ്ടി തൊഴിലാളികളുടെയും ജീവനക്കാരുടെയും ബോണസ് അഡ്വാൻസ് വിഷയങ്ങൾ മന്ത്രി വി.ശിവൻകുട്ടിയുടെ സാന്നിദ്ധ്യത്തിൽ നടന്ന ചർച്ചയിൽ തീരുമാനമായി. തൊഴിലാളികൾക്ക് 11000 രൂപ ബോണസ് അഡ്വാൻസായി നൽകും. മാസശമ്പളക്കാരായ ജീവനക്കാർക്ക് മൂന്ന് മാസത്തെ ശമ്പളം കണക്കാക്കി ബോണസ് നൽകും. തൊഴിലാളികൾക്ക് 2023, 2024, 2025 വർഷങ്ങളിൽ തുടർച്ചയായി 500 രൂപ വീതം വർദ്ധിപ്പിച്ച് നൽകുന്നത് കോർപ്പറേഷന്റെ ചരിത്രത്തിൽ ആദ്യമാണ്. കാഷ്യൂ കോർപ്പറേഷനിലെ 12,000 തൊഴിലാളികൾക്കും കാപ്പെക്‌സിലെ 4000 തൊഴിലാളികൾ പൊതുമേഖലയിലും സ്വകാര്യമേഖലയിലുമായി തൊഴിലെടുക്കുന്ന 40000 ഓളം തൊഴിലാളികൾക്കും ഇതിന്റെ ഗുണം ലഭിക്കും. ജീവനക്കാരുടെ ശമ്പള വർദ്ധനവ് 17ന് തൊഴിൽ, വ്യവസായ വകുപ്പ് മന്ത്രിമാരുടെ സാന്നിദ്ധ്യത്തിൽ ചർച്ച ചെയ്ത് പരിഹരിക്കും. കോർപ്പറേഷനിലെയും കാപ്പെക്‌സിലെയും ജീവനക്കാരുടെ ശമ്പള പരിഷ്കരണം നീണ്ടുപോകുന്നതിനാൽ ഇടക്കാല ആശ്വാസം തുടരുമെന്നും കാഷ്യു കോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ പറഞ്ഞു.
മന്ത്രി വി.ശിവൻകുട്ടി അദ്ധ്യക്ഷനായി. എസ്.ജയമോഹൻ, കാപ്പെക്സ് ചെയർമാൻ എം.ശിവശങ്കരപ്പിള്ള, ലേബർ കമ്മിഷണർ സഫ്‌ന നസറുദീൻ, കാഷ്യു കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ കെ.സുനിൽ ജോൺ, കെ.രാജഗോപാൽ, ബി.തുളസിധരക്കുറുപ്പ്, ബി.സുജീന്ദ്രൻ, ജി.ബാബു, ജി.ലാലു, മോഹൻലാൽ, എ.എ.അസീസ്, ശിവജി സുന്ദരൻ, ബാബു ഉമ്മൻ, അബ്ദുൾ സലാം, ജോബ്രാൻ.ജെ.വർഗീസ്, ജെയ്സൺ ഉമ്മൻ, കെ.രാജേഷ് എന്നിവർ പങ്കെടുത്തു.