കൊല്ലം: കരുനാഗപ്പള്ളി ജിം സന്തോഷ് വധക്കേസിലെ പ്രതികളായ ആറുപേർക്കെതിരെ കാപ്പാ നിയമപ്രകാരം കരുതൽ തടങ്കലിന് ഉത്തരവായി. കരുനാഗപ്പള്ളി മഠത്തിൽ കാരായ്മ കൃഷ്ണവിലാസത്തിൽ അലുവാ എന്ന അതുൽ (29), തഴവ വടക്കുംമുറി മേക്ക് കളരിക്കൽ വീട്ടിൽ രാജീവ് (35, കൊച്ചുമോൻ), ഓച്ചിറ മേമന ലക്ഷ്മി ഭവനത്തിൽ മനു (30, കുക്കു), മേമന അങ്ങാടി കിഴക്കേതിൽ വീട്ടിൽ ഹരികൃഷ്ണൻ (28, മൈന ഹരി), ഓച്ചിറ പായിക്കുഴി മോഴൂർ തറയിൽ വീട്ടിൽ പ്യാരി (25), ഓച്ചിറ ചങ്ങൻകുളങ്ങര പുതുക്കാട്ട് കിഴക്കതിൽ പങ്കജ് (35) എന്നിവരെയാണ് കരുതൽ തടങ്കലിലാക്കിയത്.
കരുനാഗപ്പള്ളി, ഓച്ചിറ പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്തിട്ടുള്ള നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ് ആറുപേരും. നേരത്തെ പലതവണ നിയമനടപടികൾ സ്വീകരിച്ചിട്ടും സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ നിർബാധം തുടർന്നതിന്റെ പശ്ചാത്തലത്തിലാണ് കാപ്പാ നടപടികൾ സ്വീകരിച്ചത്. പ്യാരി, അതുൽ എന്നിവരെ മുമ്പ് 2 തവണയും പങ്കജ്, മനു എന്നിവരെ ഓരോ തവണയും കരുതൽ തടങ്കലിൽ പാർപ്പിച്ചിട്ടുണ്ട്.

വ്യക്തികൾക്ക് നേരെയുള്ള കൈയേറ്റം, അതിക്രമം, കഠിന ദേഹോപദ്രവം ഏൽപ്പിക്കൽ, നരഹത്യാശ്രമം, സ്ത്രീകൾക്കെതിരായ അതിക്രമം, കൊലപാതകശ്രമം, കൊലപാതകം, എന്നിങ്ങനെയുള്ള ഗുരുതര കുറ്റകൃത്യങ്ങളാണ് ചുമത്തിയിട്ടുള്ളത്. പൊലീസ് കമ്മിഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കളക്ടർ എൻ. ദേവിദാസാണ് കരുതൽ തടങ്കലിന് ഉത്തരവിട്ടത്.