കൊട്ടാരക്കര: വാർദ്ധക്യത്തിന്റെ അവശതകൾക്കിടയിലും സാമൂഹ്യപ്രവർത്തകയായ ചിന്നമ്മ ജോൺ ഇത്തവണയും ആശ്രയ സങ്കേതത്തിലെ അന്തേവാസികൾക്ക് ഓണസമ്മാനങ്ങൾ നൽകി. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഈ സ്ഥാപനത്തിന് താങ്ങും തണലുമായി നിൽക്കുന്ന ചിന്നമ്മ, ഓണസദ്യയ്ക്ക് മാറ്റുകൂട്ടുന്നതിനായി ഉപ്പേരിയും ശർക്കരവരട്ടിയും പുതുവസ്ത്രങ്ങളുമാണ് എത്തിച്ചത്.
എല്ലാ ഓണക്കാലത്തും ആശ്രയ സങ്കേതത്തിലെ നൂറുകണക്കിന് അന്തേവാസികൾക്ക് ഓണ സമ്മാനങ്ങൾ എത്തിക്കുന്ന പതിവ് ഇത്തവണയും തെറ്റിച്ചില്ല. ശാരീരിക അവശതകൾ കാരണം വിശ്വസ്തനായ ഓട്ടോ ഡ്രൈവർ വിനോദ് കുമാറിന്റെ കൈവശമാണ് ചിന്നമ്മ സമ്മാനങ്ങൾ കൊടുത്തുവിട്ടത്.
ഓണസമ്മാനങ്ങൾക്കു പുറമേ, ആശ്രയ ശിശുഭവനിലെ കുട്ടികൾക്ക് സ്കൂൾ തുറക്കുന്ന സമയത്ത് പഠനോപകരണങ്ങളും ഉന്നതവിദ്യാഭ്യാസം നേടുന്നവർക്ക് പഠന സഹായവും ചിന്നമ്മ നൽകി വരുന്നുണ്ട്.
ആശ്രയ ജനറൽ സെക്രട്ടറി കലയപുരം ജോസ്, ഭാര്യ മിനി ജോസ് എന്നിവർക്കൊപ്പം ആശ്രയയിലെ കുട്ടികളും ചേർന്നാണ് ഓണസമ്മാനങ്ങൾ ഏറ്റുവാങ്ങിയത്.