k

കൊല്ലം: വിദ്യാഭ്യാസം മൗലികാവകാശം എന്നതിന് പുറമെ നല്ലൊരു ഭാവി കെട്ടിപ്പടുക്കാനുള്ള ശക്തികൂടിയാണെന്ന് യുനെസ്‌കോ ഡൽഹി ഓഫീസ് ഡയറക്ടറും ഇന്ത്യ, ഭൂട്ടാൻ, ശ്രീലങ്ക, മാലിദ്വീപ് രാജ്യങ്ങളുടെ പ്രതിനിധിയുമായ ഡോ. ടിം കേർട്ടിസ്. അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാമ്പസിൽ നടക്കുന്ന ഇന്റർനാഷണൽ കോൺഫറൻസ് ഓൺ സസ്‌റ്റെയിനബിൾ ആൻഡ് റെസിലിയന്റ് ഫ്യൂച്ചേഴ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കർണാടക സ്റ്റേറ്റ് അഡീഷണൽ ചീഫ് സെക്രട്ടറിയും ഡെവലപ്പ്മെന്റ് കമ്മിഷണറുമായ ഉമാ മഹാദേവൻ ദാസ്ഗുപ്ത, നബാർഡ് ചെയർമാൻ കെ.വി.ഷാജി എന്നിവർ മുഖ്യാതിഥികളായി. മാതാ അമൃതാനന്ദമയി മഠം ജനറൽ സെക്രട്ടറി സ്വാമി പൂർണാമൃതാനന്ദ പുരി അനുഗ്രഹപ്രഭാഷണം നടത്തി. അമൃത വിശ്വവിദ്യാപീഠം രജിസ്ട്രാർ ഡോ. പി.അജിത്ത് കുമാർ, പ്രൊവോസ്റ്റ് ഡോ. മനീഷ വി.രമേഷ്, അമൃത സ്കൂൾ ഫോർ ബയോടെക്നോളജി ഡീൻ ഡോ. ബിപിൻ ജി നായർ, അമൃത സ്‌കൂൾ ഫോർ സസ്‌റ്റെയിനബിൾ ഫ്യൂച്ചേഴ്സ് പ്രിൻസിപ്പാൾ ഡോ. എം രവിശങ്കർ എന്നിവർ പങ്കെടുത്തു.
അമൃത സ്‌കൂൾ ഫോർ സസ്‌റ്റെയിനബിൾ ഫ്യൂച്ചേഴ്സ് യുനെസ്‌കോ ചെയർ ഓൺ എക്സ്പീരിയൻഷ്യൽ ലേണിംഗ് ഫോർ സസ്‌റ്റെയിനബിൾ ഇന്നവേഷൻ ആൻഡ് ഡെവലപ്പ്മെന്റ്, ഇന്റർനാഷണൽ നെറ്റ് വർക്ക് ഫോർ സസ്‌റ്റെയിനബിൾ ഇന്നവേഷൻ ആൻഡ് റെസിലിയന്റ് ഫ്യൂച്ചേഴ്സ് എന്നിവയുമായി സഹകരിച്ച് സെപ്തംബർ 1വരെ നടക്കുന്ന അന്താരാഷ്ട്ര കോൺഫറൻസിൽ 9 ട്രാക്കുകളിലായി കാലാവസ്ഥ, പരിസ്ഥിതി പുനഃസ്ഥാപനം, സുസ്ഥിരത തുടങ്ങി വിവിധ വിഷയങ്ങളാണ് കൈകാര്യം ചെയ്യുന്നത്.