കൊല്ലം: ഒഡീഷയിൽ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് എത്തിച്ച് വിൽപ്പന നടത്തിവന്ന യുവാവിനെ കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തു. ഉമയനല്ലൂർ ഷിബിന മൻസിലിൽ ഹാരിസ് എന്ന ഷഹനാസാണ് (26) പിടിയിലായത്. ജൂൺ 23ന് മൂന്നര കിലോ കഞ്ചാവുമായി കൊട്ടിയം കൊട്ടുംപുറം തടത്തിൽ വീട്ടിൽ ചിന്തുരാജ് (24), കൊട്ടിയം കൊട്ടുംപുറം വാഴവിള വീട്ടിൽ അഭിനവ് (24) എന്നിവരെ പൊലീസ് പിടികൂടിയിരുന്നു. ഈ കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി നടത്തിയ ചോദ്യം ചെയ്യലിലാണ് ഇവർക്ക് ഒഡീഷയിൽ നിന്ന് കഞ്ചാവ് എത്തിച്ച് നൽകിയ ഷഹനാസിനെ പറ്റിയുള്ള വിവരം ലഭിച്ചത്. തുടർന്ന് കൊട്ടിയം പൊലീസ് നടത്തിയ അന്വേഷണത്തിൽ ഷഹനാസിനെ പിടികൂടുകയായിരുന്നു. കൊട്ടിയം ഇൻസ്‌പെക്ടർ പ്രദീപിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ നിഥിൻ നളൻ, പ്രമോദ് സി.പി.ഒ മാരായ റഫീഖ്, വിപിൻ, ശംഭു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.