ചവറ: പന്മനയിലെ ആനപ്രേമികളിൽ ആവേശം നിറച്ച്, ചിറ്റൂർ കറുങ്ങയിൽ അറുമുഖ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ വിപുലമായ ആനയൂട്ട് നടന്നു. ഓണാഘോഷങ്ങളുടെ ഭാഗമായി നടന്ന പരിപാടിയിൽ, ഫലവർഗ്ഗങ്ങളും കാർഷിക വിഭവങ്ങളും അടക്കം വിവിധതരം വിഭവങ്ങൾ 9 ഗജവീരന്മാർക്കായി (7 ആനകളും 2 പിടിയാനകളും) ഭക്തർ സമർപ്പിച്ചു. എൻ.കെ.പ്രേമചന്ദ്രൻ എം.പി ഗജവീരൻ പനയന്നാർകാവ് കാളിദാസന് ആനയൂട്ടിനുള്ള ആദ്യ വിഭവം നൽകി ചടങ്ങിന് തുടക്കം കുറിച്ചു. ഓരോ ആനകൾക്കും ഭക്ഷണം നൽകാൻ ഭക്തർ വലിയ ഉത്സാഹത്തോടെ പങ്കെടുത്തു. ചിറ്റൂർ നിർമ്മൽ ആനപ്രേമി സംഘമാണ് ആനയൂട്ടും ഘോഷയാത്രയും സംഘടിപ്പിച്ചത്. രാവിലെ 7ന് കൊട്ടാരത്തിൻ കടവ്, ഇടക്കളരി ക്ഷേത്രം, ചെപ്ലേഴത്ത് ക്ഷേത്രം, അഞ്ചുമനയ്ക്കൽ ക്ഷേത്രം, മിന്നാംതോട്ടിൽ ക്ഷേത്രം, പന്മന സുബ്രഹ്മണ്യ ക്ഷേത്രം എന്നിവിടങ്ങളിൽ നിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഘോഷയാത്രയായി ഗജവീരന്മാരെ ക്ഷേത്രത്തിലേക്ക് ആനയിച്ചു. പുത്തൻകുളം അനന്തപത്മനാഭൻ, പനയന്നാർകാവ് കാളിദാസൻ, പുത്തൻകുളം അർജുൻ, ഓതറ പുതുക്കുളങ്ങര ശ്രീപാർവതി, കുന്നത്തൂർ കുട്ടിശങ്കരൻ, വാഴുവടി കാശിനാഥൻ, ഉണ്ണിമങ്ങാട് ഗണപതി, വള്ളംകുളം നാരായണൻകുട്ടി, ഉണ്ണിമങ്ങാട് ലക്ഷ്മി എന്നീ ആനകളാണ് ആനയൂട്ടിനെത്തിയത്.
തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനത്തിൽ എസ്.എൻ.ഡി.പി യോഗം ചവറ യൂണിയൻ സെക്രട്ടറി കാരയിൽ അനീഷ് അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി, ജില്ലാ പഞ്ചായത്തംഗം സി.പി. സുധീഷ്കുമാർ, പഞ്ചായത്തംഗം ബി. സുകന്യ, പന്മന പുരാഘോഷ കമ്മിറ്റി രക്ഷാധികാരി കോലത്ത് വേണുഗോപാൽ, മഠത്തിൽ മുരളീധരൻ പിള്ള, സ്വാഗതസംഘം ചെയർമാൻ രാഗേഷ് നിർമൽ, ഇ.സഹദേവൻ തുടങ്ങിയവർ സംസാരിച്ചു.
എലിഫന്റ് ഓണേഴ്സ് ഫെഡറേഷൻ എൻ.കെ. പ്രേമചന്ദ്രൻ എം.പിക്ക് പ്രഖ്യാപിച്ച അവാർഡ് സംസ്ഥാന ജനറൽ സെക്രട്ടറി രവീന്ദ്രനാഥ് ചടങ്ങിൽവെച്ച് അദ്ദേഹത്തിന് സമ്മാനിച്ചു. നിർമ്മൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ ലോഗോ പ്രകാശനവും ഇതോടൊപ്പം നടന്നു.