തൊടിയൂർ: ലോട്ടറി കച്ചവടക്കാരനായ വൃദ്ധൻ ആറ്റിൽ ചാടിയെന്ന സംശയത്തിൻ ഫയർഫോഴ്സും സ്കൂബ ടീമും മണിക്കൂറുകൾ നീണ്ട തെരച്ചിൽ നടത്തി. പള്ളിക്കാലാറ്റിലെ കാരൂർക്കടവ് പാലത്തിൽ ഇന്നലെ രാവിലെയാണ് മൈനാഗപ്പള്ളി ഇടവനശേരി പൂവമ്പള്ളിൽ യൂസഫ് കുഞ്ഞിന്റെ (67) സൈക്കിളും ആധാർ കാർഡും ആറ്റരികിൽ ഇരിക്കുന്നതായി നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. വിവരമറിഞ്ഞ് കരുനാഗപ്പള്ളി, ശാസ്താംകോട്ട പൊലീസും, കരുനാഗപ്പള്ളി ഫയർ ഫോഴ്സും കൊല്ലത്ത് നിന്ന് സ്കൂബ ടീമും സ്ഥലത്തെത്തി. രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2.30 വരെ വ്യാപക തെരച്ചിൽ നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല. ആറ്റിൽ ശക്തമായ ഒഴുക്കുണ്ട്. പാലത്തിന് സമീപത്തെ സി.സി.ടിവികൾ പ്രവർത്തിക്കുന്നില്ല. വർഷങ്ങളായി ഇദ്ദേഹം കുടുംബവുമായി അകന്നുകഴിയുകയായിരുന്നു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സുഭാഷിന്റെ നേതൃത്തിലുള്ള ഫയർഫോഴ്സും സ്കൂബ ഡൈവർ വിജേഷിന്റെയും നേതൃത്വത്തിലുള്ള സ്കൂബ സംഘവുമാണ് തെരച്ചിൽ നടത്തിയത്.