mmm
ംം

കൊല്ലം: കൊട്ടാരക്കര ബൈപ്പാസ് യാഥാർത്ഥ്യമാകുമെന്ന് ഉറപ്പായി. ഭൂമി ഏറ്റെടുക്കലിന് സർക്കാർ അനുമതി നൽകി. എം.സി റോഡിൽ ലോവർ കരിക്കത്ത് ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിന് സമീപത്തുനിന്നും ആരംഭിച്ച് മൈലം വില്ലേജ് ഓഫീസിന് സമീപം എം.സി റോഡിൽത്തന്നെ എത്തിച്ചേരുന്നതാണ് ബൈപ്പാസ്. കൊല്ലം- തിരുമംഗലം ദേശീയ പാതയിൽ മേല്പാലം വേണ്ടിവരും. കളമശേരി ആസ്ഥാനമായ ഏജൻസി നടത്തിയ സാമൂഹികാഘാത പഠന റിപ്പോർട്ടും കളക്ടറുടെ ശുപാർശയും അംഗീകരിച്ചാണ് ഭൂമി ഏറ്റെടുക്കാൻ സർക്കാർ അംഗീകാരം നൽകിയത്. കേശവദാസപുരം മുതൽ അങ്കമാലിവരെ എം.സി റോഡ് നാലുവരിയായി വികസിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമാണ് കൊട്ടാരക്കരയിലെ ബൈപ്പാസും. മന്ത്രി കെ.എൻ.ബാലഗോപാൽ മുൻകൈയെടുത്താണ് ഇതിനുള്ള തുക വകയിരുത്തിയതും അനുമതി നേടിയെടുത്തതും. നേരത്തെ പുലമൺ കവലയിൽ സ്റ്റീൽ മേല്പാലം നിർമ്മിക്കാനായിരുന്നു പദ്ധതി. അത് മാറ്റിയാണ് ബൈപ്പാസ് പദ്ധതി വിഭാവനം ചെയ്തത്. ഭൂമിയുടെയും കെട്ടിടങ്ങളുടെയും മൂല്യം, ന്യായവില നിർണയം തുടങ്ങിയ കടമ്പകൾ ഏറെയുണ്ട്. ഇക്കാര്യങ്ങളും വേഗത്തിൽ പുരോഗമിക്കുകയാണ്. രണ്ട് മാസത്തിനുള്ളിൽ ഭൂമി ഏറ്റെടുക്കലിന്റെ അവസാന ഘട്ട നടപടികളിലേക്കെത്തും.

കുരുക്കഴിയും

എം.സി റോഡും ദേശീയപാതയും സംഗമിക്കുന്ന പ്രധാന പട്ടണമാണ് കൊട്ടാരക്കര.

ഇവിടെ റോഡ് വികസനം നടന്നിട്ട് കാലങ്ങളായി.

ഇടുങ്ങിയ പട്ടണത്തിലെ ഗതാഗത കുരുക്ക് ഗുരുതര പ്രശ്നമാണ്. ബൈപ്പാസ് വരുന്നതോടെ കുരുക്ക് പൂർണമായും ഒഴിയുമെന്നാണ് കണക്കുകൂട്ടുന്നത്.

കൊട്ടാരക്കരയിലെ ഗതാഗത കുരുക്ക് വർഷങ്ങളായി നിലനിൽക്കുന്ന പൊതുപ്രശ്നമാണ്. ബൈപ്പാസ് റോഡ് വരുന്നതോടെ ആ പ്രശ്നം പരിഹരിക്കും. ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കുന്നത് പ്രധാന കടമ്പയാണ്. അതുകഴിഞ്ഞാൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കി നിർമ്മാണോദ്ഘാടനം നടത്തും.

കെ.എൻ.ബാലഗോപാൽ, മന്ത്രി