t
വിഷ്ണത്തുകാവ്- തങ്കശേരി റോഡിന്റെ അവസ്ഥ

കൊല്ലം: വിഷ്ണത്തുകാവ് ഭഗവതി ക്ഷേത്രം ഓഡിറ്റോറിയത്തിന് സമീപത്തു കൂടിയുള്ള റോഡ് പൊട്ടിപ്പൊളിഞ്ഞു കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായെങ്കിലും അധികൃതർ തിരിഞ്ഞു നോക്കുന്നില്ല.

മുണ്ടാലുംമൂട്ടിൽ നിന്ന് ഗതാഗതക്കുരുക്കിൽപ്പെടാതെ തങ്കശേരി ഭാഗത്തേക്ക് എത്താൻ കഴിയുന്ന റോഡാണിത്. തകർന്ന ഭാഗങ്ങളിൽ കല്ലുകളും മെറ്റിൽ കഷ്ണങ്ങളും ഇളകി ചിതറിക്കിടക്കുന്നു. ടാറിംഗ് അടർന്ന് പലേടത്തും വാരിക്കുഴികൾ രൂപപ്പെട്ടു. വാഹനയാത്ര തീർത്തും ദുഷ്കരമായി. ഇരുചക്ര വാഹനങ്ങളിൽ പോകുന്നവർ അപകട ഭീഷണിയിലാണ്. റോഡ് തകർന്നു കിടക്കുന്നതിനാൽ പ്രായമായവർക്കും കുട്ടികൾക്കും കാൽനട യാത്രപോലും ദുഷ്കരമാണ്. നിരവധി വീടുകൾ കൂടാതെ വ്യാപാരസ്ഥാപനങ്ങളും റോഡിന്റെ ഇരുവശത്തുമുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള ബസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങളാണ് ഇതുവഴി ദിനംപ്രതി കടന്നുപോകുന്നത്.

മഴപെയ്താൽ കുഴി കുളം

ചെറിയ മഴയിലും റോഡ് വെള്ളക്കെട്ടാകും. ടാർ ഇല്ലാത്തതിനാൽ പൊടിശല്യവും രൂക്ഷമാണ്. ഈ ഭാഗങ്ങളിൽ വാഹനങ്ങൾ അ പകടത്തിൽപ്പെടുന്നത് പതിവാണ്. ഇതുവഴി സ്ഥിരം കടന്നുപോകുന്ന വാഹനങ്ങൾക്ക് അറ്റകുറ്റപ്പണിയും പതിവായി. റോഡിന്റെ തകർച്ചയും യാത്രക്കാരുടെ ദുരിതവും പലതവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടി ഉണ്ടാകുന്നില്ല.

റോഡ് ഈ വിധം തകർന്ന് കിടക്കാൻ തുടങ്ങിയിട്ട് രണ്ടു വ‌ർഷത്തോളമായി . കുഴികൾ നിറഞ്ഞ റോഡിലൂടെയുള്ള യാത്ര വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നു. എത്രയും വേഗം നടപടി സ്വീകരിക്കണം

ഗോപാലൻ , പ്രദേശവാസി

......................................

പ്രോജക്ട് എഗ്രിമന്റ് വച്ചിരിക്കുകയാണ്. റോഡിൽ ഇന്റർലോക്കും ടാറിംഗുമാണ് ചെയ്യുന്നത്. മഴ മാറിയാലുടൻ നവീകരണ പ്രവർത്തനങ്ങൾ തുടങ്ങും

യു. പവിത്ര, കൗൺസിലർ, തിരുമുല്ലാവാരം