കരുനാഗപ്പള്ളി: വനിതകളുടെ കൂട്ടായ്മയായ 'അമ്മമനസ്', അമ്മമാർക്ക് ഓണപ്പുടവ നൽകി. കരുനാഗപ്പള്ളിയിലെ മൂവായിരത്തോളം അമ്മമാരുടെ കൂട്ടായ്മയാണിത്. കഴിഞ്ഞ നാല് വർഷത്തിനിടെ ഏഴു പെൺകുട്ടികൾക്ക് മംഗല്യഭാഗ്യം ഒരുക്കിയ ഈ കൂട്ടായ്മ, 'അമ്മക്കൊരു ആട്', 'അമ്മക്കൊരു പച്ചക്കറി കിറ്റ്', 'അമ്മക്കൊരു പിടി അരി' തുടങ്ങിയ നിരവധി ജനകീയ പദ്ധതികൾ നടപ്പാക്കി വരുന്നു. എല്ലാ മാസവും നടക്കുന്ന പ്രതിമാസ സംഗമത്തിൽ നറുക്കെടുപ്പിലൂടെ രണ്ട് അമ്മമാർക്ക് ആടുകളെ നൽകി അവരെ സ്വയംപര്യാപ്തരാക്കാൻ സഹായിക്കുന്നു. ആടിന്റെ ആദ്യത്തെ പ്രസവത്തിലെ ഒരു കുട്ടിയെ 'അമ്മമനസിന് തിരികെ നൽകണം എന്ന വ്യവസ്ഥയിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
കൂടാതെ, എല്ലാ മാസവും 200ൽ അധികം അമ്മമാർക്ക് പച്ചക്കറിക്കിറ്റുകളും 50-ൽ അധികം അമ്മമാർക്ക് 5 കിലോഗ്രാം അരിയും വിതരണം ചെയ്യുന്നു. അംഗങ്ങളുടെയും ഉദാരമതികളുടെയും സഹായമാണ് കൂട്ടായ്മയുടെ പ്രധാന വരുമാനം.
'അമ്മമനസ്സി'ന്റെ നാലാംഘട്ട ഓണപ്പുടവ വിതരണവും ആടുവിതരണവും കെ.പി.സി.സി. സെക്രട്ടറി ബിന്ദു ജയൻ ഉദ്ഘാടനം ചെയ്തു. 'അമ്മക്കൊരു പിടി അരി' പദ്ധതിയുടെ ഉദ്ഘാടനം കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും ജീവകാരുണ്യ പ്രവർത്തകനുമായ മുനമ്പത്ത് ഷിഹാബ് നിർവഹിച്ചു.
ബോബൻ ജിനാഥ് മുഖ്യപ്രഭാഷണം നടത്തി. 'അമ്മമനസ്' ചെയർപേഴ്സൺ ശ്രീകല ക്ലാപ്പന അദ്ധ്യക്ഷയായി. ജയകുമാർ, മാരിയത്ത് ബീവി, മായ ഉദയകുമാർ, ശകുന്തള അമ്മ വീട് തുടങ്ങിയവർ സംസാരിച്ചു.