കൊല്ലം: കേരളത്തിലെ ഏറ്റവും ഭംഗിയായും സുതാര്യമായും പ്രവർത്തിക്കുന്ന റിസർവ് ബാങ്കിന്റെ അംഗീകാരമുള്ള ക്വയിലോൺ കോപ്പറേറ്റീവ് അർബൻ ബാങ്കിനെതിരെയുള്ള അപവാദപ്രചരണങ്ങൾ അവസാനിപ്പിക്കണമെന്ന് അർബൻ ബാങ്ക് ഷെയർ ഹോൾഡേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.

വിരലിലെണ്ണാവുന്ന വായ്പ കുടിശ്ശികക്കാർ നടത്തുന്ന വ്യാജപ്രചരണം എത്രയും വേഗം അവസാനിപ്പിക്കണം. വൻ തുകകളുടെ വായ്പകൾക്ക് സമയം നീട്ടി കൊടുത്തിട്ടും അടയ്ക്കാതെ വന്നപ്പോഴാണ് ജപ്തി നടപടികളിലേക്ക് നീങ്ങിയത്. ഇതിനെതിരെ ചില കുടിശ്ശികക്കാർ നടത്തുന്ന ദുഷ്പ്രചാരണങ്ങളിൽ അർബൻ ബാങ്ക് ഉപഭോക്താക്കൾ കുടുങ്ങരുത്. കേരളത്തിലെ ഏറ്റവും സുതാര്യവും നിയമപരമായും പ്രവർത്തിക്കുന്ന കോപ്പറേറ്റീവ് അർബൻ ബാങ്കുകളിൽ ക്വയിലോൺ അർബൻ ബാങ്ക് ഒന്നാമതാണെന്നുള്ള സത്യം മറച്ചുവച്ചുകൊണ്ടാണ് ചിലർ മനപ്പൂർവം വ്യാജ പ്രചാരണങ്ങൾ നടത്തുന്നതെന്നും ഷെയർ ഹോൾഡേഴ്സിന്റെ സംഘടന അഭിപ്രായപ്പെട്ടു.

എക്സിക്യുട്ടീവ് കമ്മിറ്റി യോഗത്തിൽ പ്രസിഡന്റ് എസ്.സുവർണകുമാർ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി പ്രൊഫ.സൂര്യദാസ് റിപ്പോർട്ട് അവതരിപ്പിച്ചു. കമ്മിറ്റി അംഗങ്ങളുമായ സുരേഷ് ബാബു, തൊളിയറ പ്രസന്നൻ, ശ്രീകുമാർ, സുന്ദരേശ്വര പണിക്കർ, പട്ടത്താനം രാമചന്ദ്രൻ, ശരത്ത്ചന്ദ്രൻ, ജോൺ ബോസ്കോ, ബി.സുരേഷ് കുമാർ, ആർ.പ്രസന്നകുമാർ, സിദ്ധാർത്ഥൻ ആശാൻ, സജീവ് കുമാർ പള്ളിത്തോട്ടം എന്നിവർ സംസാരിച്ചു.