കൊല്ലം: ഗൂഗിൾ പേ വഴി പണം നൽകുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ കടക്കാരനെ കുത്തിപ്പരിക്കേൽപ്പിച്ചു. നല്ലില പള്ളിവേട്ടക്കാവിലെ ചായക്കട ഉടമ ലിജോ ഭവനിൽ ജോയിനാണ് (61) കുത്തേറ്റത്. പള്ളിവേട്ടക്കാവ് എബി ഭവനിൽ എബി ജോർജിനെ (40) കണ്ണനല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം. കഴിഞ്ഞ 28ന് എബി കടയിലെത്തി കടയുടമ ജോയി ആവശ്യപ്പെടാതെ 200 രൂപ ഗൂഗിൾ പേ വഴി അയച്ചു. പിന്നീട് ഈ തുക പണമായി നൽകണമെന്ന് ജോയിയോട് ആവശ്യപ്പെട്ടു. എന്നാൽ പണം നൽകാൻ ജോയി തയ്യാറായില്ല. തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കമായി. തുടർന്ന് അവിടെ നിന്ന് പോയ എബി അടുത്ത ദിവസം കത്തിയുമായെത്തി ആക്രമണം നടത്തുകയായിരുന്നു. വയറിൽ പരിക്കേറ്റ ജോയി കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.