cc
ഓന്തുപച്ചയിൽ കാട്ടുപന്നിക്കൂട്ടം നശിപ്പിച്ച കൃഷി

കുളത്തുപ്പുഴ: ഓന്തുപച്ചയിൽ ഓണവിപണി ലക്ഷ്യമാക്കി കർഷകർ കൃഷി ചെയ്ത വിളകൾ കാട്ടുപന്നിക്കൂട്ടം ഒറ്റ രാത്രികൊണ്ട് നശിപ്പിച്ചു. ഓന്തുപച്ച സ്വദേശികളായ സിന്ധുരാജന്റെയും തുളസിധരന്റെയും കൃഷിയിടങ്ങളിലാണ് പ്രധാനമായും നാശനഷ്ടമുണ്ടായത്. സിന്ധുരാജന്റെ അര ഏക്കർ സ്ഥലത്ത് കൃഷി ചെയ്തിരുന്ന ചേമ്പ്, ചേന, കാച്ചിൽ, മരച്ചീനി തുടങ്ങിയ വിളകൾ പൂർണ്ണമായും നശിപ്പിക്കപ്പെട്ടു. ഏകദേശം 25,000 രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച വേലി തകർത്താണ് പന്നിക്കൂട്ടം കൃഷി നശിപ്പിച്ചത്.

കുരങ്ങുകളുടെ ശല്യവും

കാട്ടുപന്നികളുടെ ശല്യത്തിനു പുറമെ, പകൽ സമയങ്ങളിൽ കുരങ്ങുകളുടെ ശല്യവും കാരണം കർഷകർ വലിയ പ്രതിസന്ധിയിലാണ്. ഇവറ്റകൾ കാരണം തെങ്ങിൽ നിന്ന് ഒരു നാളികേരം പോലും ലഭിക്കുന്നില്ലെന്ന് കർഷകർ പറയുന്നു.വിളകൾക്കും മനുഷ്യജീവനും ഭീഷണിയായ കാട്ടുപന്നികളെ കൊന്നൊടുക്കാൻ നിയമം നിലവിലുണ്ടായിട്ടും കുളത്തൂപ്പുഴ പഞ്ചായത്ത് അധികൃതർ ഈ വിഷയത്തിൽ ഇടപെടുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. കർഷകരുടെ പ്രശ്നങ്ങളിൽ ബന്ധപ്പെട്ട അധികാരികൾ തിരിഞ്ഞുനോക്കുന്നില്ലെന്നും അവർ പരാതിപ്പെടുന്നു.